അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.

വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.

ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.