വ്യാകരണപാഠങ്ങള്‍ – ചെറുകഥ

വ്യാകരണപാഠങ്ങള്‍ – ചെറുകഥ
November 16 15:24 2018 Print This Article

റ്റിജി തോമസ്

സമയം ഏതാണ്ട് ഉച്ചയോടെ  അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു.

‘വീട്ടിലോട്ടു പോയാലോന്ന്…… ‘

അതു പറയുമ്പോള്‍ അവളുടെ ഉള്ള് എത്രമാത്രം വേദനിക്കുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

അഞ്ജന ജോലി ഉപേക്ഷിച്ച് വീട്ടില്‍ പോകുന്നതിനെ എതിര്‍ക്കാന്‍ പകുതി കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു. ഈ നഗരത്തിലെ ഒറ്റപ്പെടല്‍ പേടിപ്പിക്കുന്ന മരണകരമായ എന്തോ ഒന്ന് പോലെ ഞാന്‍ ഭയപ്പെട്ടു.

ജോലിയുടെ ബുദ്ധിമുട്ടുകളാണ് അഞ്ജനയെ വേദനിപ്പിക്കുന്നത് എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. കുറേ കടമെടുത്ത വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചതുമാണ്.

‘നീ ഇപ്പോള്‍ സംസാരിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ പോലെ മാത്രം ആണ്……..’

അങ്ങനെയാണ് അഞ്ജനയെ ജോസഫ് മാത്യുവിന്റെ ഓഫീസിലേക്ക് പറഞ്ഞയച്ചത്. ജോസഫ് മാത്യുവിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമായിരുന്നു. ഞാന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ അടവുകള്‍പയറ്റുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്താനുള്ള അയാളുടെ സാമര്‍ത്ഥ്യം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇടയ്‌ക്കൊക്കെ ബൈബിളും ഭഗവത്ഗീതയും ഉദ്ധരിച്ച് തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനും അയാള്‍ മടിച്ചിരുന്നില്ല.

മടങ്ങിവന്ന അഞ്ജനയുടെ മുഖം ഒന്നുകൂടി ചുവന്നതായിരുന്നു.
ജോസഫ് മാത്യുവിന്റെ ഓഫീസ് വീടിന്റെ രണ്ടാമത്തെ നിലയിലാണ്.
ഗേറ്റ് കടന്ന് ചെന്ന അഞ്ജനയെ എതിരേറ്റത് കൂറ്റന്‍ അല്‍സേഷന്‍ നായയുടെ കുരകളാണ്. വിജനമായ അന്തരീക്ഷത്തില്‍ പട്ടി കുരകള്‍ക്ക് സുല്ലിട്ടു കൊണ്ട് അവള്‍ തിരിച്ചു നടന്നു. നായ ബന്ധവസുള്ള കൂട്ടില്‍ആണെന്ന് അവള്‍ക്ക് ചിന്തിക്കാമായിരുന്നു.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി നഗരത്തില്‍ ജോലി ലഭിച്ച് കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരേ കോളജില്‍ പഠിച്ച അഞ്ജനയെ കണ്ടത്. എന്തോ അപ്പോഴെനിക്ക് അവള്‍ എല്ലാവരെക്കാളും വേണ്ടപ്പെട്ടവളായി തോന്നി. മുങ്ങിത്താഴുന്നവനു കിട്ടുന്ന കച്ചിത്തുരുമ്പ് പോലെ എത്തൊ ഒന്ന്.

‘നിനക്ക് ദുഃഖങ്ങള്‍ ഇല്ലേ…? ‘ ഒരിക്കല്‍ അഞ്ജന ചോദിച്ചപ്പോള്‍ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ഒരു പൊങ്ങുതടിപോലെ ഒഴുകി നടക്കുന്ന അനുഭവം.

ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എപ്പോഴും സന്തോഷവാന്‍ ആയിരിക്കണം. അവന്റെ വാചാലതയില്‍ ഒരിക്കലും ദുഃഖത്തിന്റെ നിഴലുകള്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ ദുഃഖങ്ങളും പ്രയാസങ്ങളും വാക്കുകളില്‍ കലരാന്‍ പാടില്ല.

‘ഇന്ന് അവനെ വീഴ്ത്തിയ പറ്റൂ സഡന്‍ ഡെത്ത് അല്ലെങ്കില്‍ മറ്റവന്‍ കൊത്തി കൊണ്ടുപോകും’ സീനിയര്‍ മാനേജര്‍ പറഞ്ഞു.

പക്ഷേ പറ്റിയില്ല. ഓര്‍ഡര്‍ കിട്ടിയില്ല. മാനേജറുടെ കറുത്ത മുഖം അത്ര സുഖകരമായിരുന്നില്ല.

ഓര്‍ഡറുകള്‍ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. നഷ്ടപ്പെട്ട ഓര്‍ഡറുകള്‍ പേക്കിനാവുകള്‍ ആകുന്നു, വീണ്ടും വീണ്ടും മുള്ളുകളായി മനസ്സിനെ വേദനിപ്പിക്കുന്നു.

എന്റെ മനസിന്റെ സന്തോഷം മറ്റുള്ളവരുടെ കാരുണ്യത്തിനു മുന്നില്‍ ഓച്ഛാനിച്ച് നിന്നു.

ഒറ്റപ്പെടലിന്റെ വേദനകളില്‍ ഞാനെന്റെ ഗ്രാമത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

വേദനയുടെയും അപമാനത്തിനും ഉച്ചസ്ഥായിയില്‍ കണ്ണുകളില്‍ നനവ് ഊറുമ്പോള്‍ മനസ്സുകൊണ്ട് ഞാനെപ്പോഴും എന്റെ ഗ്രാമത്തില്‍ ആയിരിക്കും. അവിടെ സങ്കടങ്ങളുടെയും പരിദേവനങ്ങളും ഭാണ്ഡക്കെട്ട് തുറന്ന് എന്റെ മനസ്സ് നാട്ടുവഴികളിലൂടെ ഉഴറി നടക്കും…

വെയിലും മഴയുമേറ്റ് നിറം നഷ്ടപ്പെട്ട തോരണങ്ങള്‍ പോലെ ഓരോ ദിവസവും കടന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു…

അകലെ എന്റെ ഗ്രാമം ഉണരുമ്പോഴും ഞാനിവിടെ ഏത്തൊ അനിശ്ചിതത്വത്തിന് പിടിയില്‍ വെറുതെ കിടക്കുകയാവും…

അങ്ങനെയുള്ള പുലര്‍കാലങ്ങളില്‍ ചിലപ്പോഴൊക്കെ അഞ്ജന എന്റെ മനസ്സില്‍ കടന്നു വന്നിരുന്നു. ആദ്യകാലങ്ങളില്‍ മുല്ലപ്പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.

ഒരു വര്‍ഷത്തിന് മുമ്പാണ് അഞ്ജനയെ അവസാനം കണ്ടത്. വിവാഹത്തിന് ക്ഷണിച്ചിട്ട് അവള്‍ ചോദിച്ചു
‘എങ്ങനെയുണ്ട് ജോലി… നല്ല അലച്ചിലാ അല്ലേ….’
കുറെ നാളുകള്‍ക്ക് മുമ്പ് മാത്രം പിരിഞ്ഞ, എന്റെ ദുഖങ്ങളും സന്തോഷങ്ങളും പങ്കിട്ടിരുന്ന അഞ്ജന അങ്ങനെ ചോദിച്ചപ്പോള്‍ ശരിക്കും ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു.

ഞാന്‍ വെറുതെ ചിരിച്ചു
‘ബാങ്കിലാ ജോലി ഇപ്പൊ ചെന്നൈയിലാണ് ഉടനെ ഞാന്‍ അങ്ങോട്ട് പോയേക്കും. ‘

അവള്‍ക്ക് ഒത്തിരി പറയാനുണ്ടായിരുന്നു

‘നല്ല ഒരു ജോലി ഉള്ളതാ എല്ലാവര്‍ക്കും ഇഷ്ടമായത് ഇന്ന് വരും നാളെ പോകും എന്ന് പറയുന്ന ജോലിയാണെങ്കില്‍….’
അഞ്ജന മുഴുപ്പിചില്ല. അവസാന വാക്കുകള്‍ പറയുമ്പോള്‍ അവള്‍ എന്റെ മുഖത്തുനിന്നും കണ്ണുകള്‍ എടുത്തിരുന്നു. അല്ലെങ്കില്‍ ഒരു ചോദ്യചിഹ്നമായി ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞെനെ….

ഒരുപക്ഷേ അര്‍ത്ഥമില്ലാത്ത ഒരു സ്‌നേഹപ്രകടനം പോലെ അവളുടെ കണ്ണുകളില്‍ എന്നെ അലിയിച്ച് എടുക്കാന്‍ പറ്റിയ ഒരു സഹതാപം ഉറവ എടുത്തേനെ….

അഞ്ജനയോട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. പലപ്പോഴും അര്‍ത്ഥമില്ലാതെ ചിരിക്കുക മാത്രം ചെയ്തു. ഞങ്ങള്‍ വളരെ വളരെ അകലെയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ ഈ നഗരത്തില്‍ എന്റെ വഴികള്‍ തുരുമ്പ് പിടിച്ചു കിടക്കുന്നു. കാലിടറുന്ന ദൈന്യതയില്‍ ഒരു പിടിവള്ളിക്കുവേണ്ടി മനസ്സ് കൊതിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കഞ്ഞിയില്‍ നിന്നും വമിക്കുന്ന ചൂടുള്ള നീരാവി ആത്മാവിനെ സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. മനസ്സുകൊണ്ട് ഞാന്‍ പറന്നു. എന്റെ ഗ്രാമത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെടുക ആയി. ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ ഉയരുന്ന ഞാനറിഞ്ഞു. എനിക്ക് താങ്ങാവുന്നതിലും വലുത്.

തടയിടാന്‍ ശ്രമിക്കുന്തോറും ഓര്‍മ്മകള്‍ ഏതോ പൂര്‍വ്വവൈരാഗ്യത്തില്‍എന്നവണ്ണം കയറിവരുന്നു….

പിന്നെ എപ്പോഴോ ഞാന്‍ വര്‍ത്തമാനകാലത്തിലേക്ക് എത്തിപ്പെട്ടു…….

അവിടെ ഒരിക്കലും പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഭാഷയിലെ വ്യാകരണ പാഠങ്ങള്‍ പോലെ എന്റെ ജീവിതം .

…………………………………………………………………………………………..

 

 

 

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്.

ഫോട്ടോ- മധു ഓമല്ലൂര്‍, ചിത്രീകരണം- അനുജ. കെവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles