സ്വന്തം ലേഖകന്‍
ഗ്ലോസ്സ്റ്റര്‍ : ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും , ജി എം എയും സംയുക്തമായി യുകെയിലെ ഇന്ത്യന്‍ നേഴ്സുമാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഗ്ലോസ്സ്റ്ററില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്സായി ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്‍റെ പേരില്‍ യുകെയില്‍ നേഴ്സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കായിരിക്കും ഈ സെമിനാറുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുകെ മലയാളികള്‍ക്ക് ഇടയില്‍ എന്നും വേറിട്ട നിലവാരം പുലര്‍ത്തിയിട്ടുള്ള ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഇക്കുറി യുകെയിലെ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് മുഴുവനും ഗുണകരമായ ഈ പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയാണ് . യുകെയില്‍ ഉള്ള പല മലയാളികള്‍ക്കും ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടുള്ള പ്രശ്നങ്ങളില്‍ വളരെയധികം സഹായം നല്‍കിയിട്ടുള്ള ഒരു സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍.
യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില്‍ അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില്‍ ഉടനീളം ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത് . അതിന്‍റെ ഭാഗമായി യുകെയിലെ നേഴ്സുമാരുടെ യൂണിയന്‍ ആയ ആര്‍ സി എന്‍ , യൂണിസണ്‍ മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു . കേംബ്രിഡ്ജ് എതിനിക്ക് മൈനോറിറ്റി ഫോറം , യുകെയിലെ ചൈനീസ് കമ്മൂണിറ്റി , ഫിലിപ്പിനോ കമ്മൂണിറ്റി തുടങ്ങിയവര്‍ക്കുവേണ്ടി അനേകം സെമിനാറുകള്‍ ഇതിനകം ഐ.ഡബ്ല്യുഎ നടത്തി കഴിഞ്ഞു .
ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ വിസാ ബോണ്ട് എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും , ആ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ തെറ്റായ ആ നിയമം പിന്‍വലിപ്പിക്കുവാന്‍ കഴിഞ്ഞതും ഈ സംഘടനയുടെ ജനകീയ ഇടപെടലുകളുടെ വ്യക്തമായ ഉദാഹരണമാണ് . അതോടൊപ്പം ഇന്ന്‍ യുകെയിലെ കെയറേഴ്സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഐ ഈ എല്‍ റ്റി എസ് എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കെയറേഴ്സിന് ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് .
എന്തുകൊണ്ടാണ് ഐ ഈ എല്‍ റ്റി എസ് എന്ന വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്‍ക്കരണ സെമിനാറിന്‍റെ അടിസ്ഥാനപരമായ ലക്ഷ്യം.
ജനുവരി 7 ന് വൈകിട്ട് 4;30 ന് മാറ്റ്സണിലെ സെന്‍റ്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരീഷ് ഹോളില്‍ വച്ച് ഈ സെമിനാര്‍ നടത്തുന്നതായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട് . ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍റെ ദേശീയ നിര്‍വാഹക സമിതി അംഗം ബൈജു വര്‍ക്കി തിട്ടാല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും . ഗ്ലോസ്സ്റ്ററിലെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് പത്തോളം പേര്‍ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടകം അനേകം ആളുകള്‍ സെമിനാറില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.
സെമിനാറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ദിനേശ് വെള്ളാപ്പള്ളിയുമായി ബന്ധപ്പെടുക.
ദിനേശ് ; 07828659608
സെമിനാര്‍ നടക്കുന്ന ഹോളിന്‍റെ അഡ്രസ് താഴെ കൊടുക്കുന്നു
St Augustine RC church parish hall
Matson lane
Gloucester
GL4 4BS