കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.
ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.
കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.
Leave a Reply