ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു.
മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അയൽവാസിയുടെ വീടിനുള്ളിൽ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ തീ ആളിപ്പടർന്നിരുന്നു.
രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിളകിയിട്ടുണ്ട്. ഫർണിച്ചറുകളും, ടെലിവിഷൻ, ഫാൻ തുടങ്ങിയവും കത്തിനശിച്ചു. വിവരം അറിഞ്ഞ് നൂറനാട് പോലീസും ഫയർഫോഴ്സും എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം,പുനലൂർ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്. രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുമ്പാണ് ഇവിടുത്തെ വാഹനം വിറ്റത്.
ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നുവെന്നും ഉച്ച ഭക്ഷണം തയ്യാറായ സമയം ഒരു ഫോൺ വരുകയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. കൂടുതൽ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ജൂനിയർ റെഡ്ക്രോസ്സ് നെടുമങ്ങാട് സബ് ജില്ലാ കോർഡിനേറ്ററും അധ്യാപികയും ആയ മുംതാസ് ടീച്ചർ മരണത്തിനു കീഴടങ്ങി.
നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴിക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. മുംതാസിന്റെ മാതാവ് താഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് താഹിറയ്ക്ക് വെട്ടേറ്റത്.ഇയാൾ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം.
പത്തു വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. താഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഒരു മകനുണ്ട്
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ കേടായി നിന്ന വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിടിക്കുകയായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. യാത്ര ചെയ്യുന്നതിനിടെ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
സുലൈമാന്‍ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.
പരേതനായ മൈതീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ – മുത്തുബീവി, ഭാര്യ – ജമീല ബീവി, മക്കള്‍ – നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള് – അബ്ദുൽ അസീസ് (പരേതന്‍), അബ്ദുൽ കലാം, സൗദാ ബീവി (പരേത), അബ്ദുൽ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.
പ്രശസ്ത കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് ഗ്രേസി മാര്‍ക്കോസ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.ടി മാര്‍ക്കോസ് ആണ് ഗ്രേസി മാര്‍ക്കോസിന്റെ ഭര്‍ത്താവ്. അഞ്ജുവിന് പുറമെ അജിത്ത് മാര്‍ക്കോസ് എന്നൊരു മകനും ഉണ്ട്.സംസ്‌കാരം പിന്നീട് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ സൂര്യ ഗായത്രിയെന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്നതാണെന്ന്് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ പേയാട് സ്വദേശി അരുണാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.
പ്രതിക്ക് എതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ തുടങ്ങിയ പോലീസ് ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്ന് കോടതി വിലയിരുത്തു.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20കാരിയായ സൂര്യഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുന്നത്. സൂര്യ ഗായത്രിയുടെ ശരീരത്തിൽ 30 തവണ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലക്കുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മാരകമായ മുറിവേറ്റ സൂര്യ ഗായത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടർച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുൺ പ്രദേശം നിരീക്ഷിച്ച് ആളൊഴിഞ്ഞ സമയം കൃത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
സൂര്യഗായത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ പ്രതി വീടിന്റെ അടുക്കളയിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. വീടിനകത്തേക്ക് ഒളിച്ചുകടന്ന പ്രതി ഒളിച്ചിരുന്ന സൂര്യ ഗായത്രിയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ം അച്ഛൻ ശിവദാസനെ അടിച്ചുവീഴ്ത്തിയ പ്രതി, ഭിന്നശേഷിക്കാരിയായ അമ്മ വത്സല മകളുടെ അരികിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അവരേയും മർദ്ദിച്ചിരുന്നു.
പക തീരും വരെ സൂര്യഗായത്രിയുടെ ശരീരത്തിൽ പ്രതി കത്തി കുത്തിയിറക്കുകയും. പിന്നീട് മരണം ഉറപ്പിക്കാൻ പ്രതി സൂര്യഗായത്രിയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
കൃത്യത്തിന് ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം മുതൽ കോടതി ജാമ്യം നൽകാത്തതിനാൽ ഇയാൾ ജയിലിലാണ്.
ആലപ്പുഴ പുറക്കാട്ട് മകന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് നിധിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ പിന്നാലെ ഇന്ദുലേഖ കുഴഞ്ഞുവീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 11.15ഓടെ ഇന്ദുലേഖ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച നിധിന്‍. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ശരീരത്തിലും കാർബോർഡ് പെട്ടിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറാണ് (38) പിടിയിലായവരിൽ ഒരാൾ. ഇയാൾ 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ജിദ്ദയിൽ നിന്നും എത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസ് (32)ൽ നിന്നും 1123 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ഇതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1201 ഗ്രാം തൂക്കമുള്ള സ്വർണ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു.
മൂന്നു കേസുകളിലും എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽനിന്ന് പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി 40 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത നാളെ വിധി പറയും. വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇത് സ്വാഗതാർഹമാണെന്ന് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാർ പ്രതികരിച്ചു.
വിധി സർക്കാരിന് അനുകൂലമാണെങ്കിൽ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. വിധി വൈകുന്നതിനെതിരെ ശശികുമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം അടക്കം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്. കേസിൽ കഴിഞ്ഞ വർഷം മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു.
അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്താണ് സംഭവം. അസം സ്വദേശിയായ നജ്റുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടര്‍ന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതാവ് നജ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏതാനും അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.