ചിക്കാഗോ: വിമാനത്തിലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയ വിമാനക്കമ്പനി പിന്നീട് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രാക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ വലിച്ചിഴക്കുന്നതിന്റെ വീഡിയോയും ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യുണൈറ്റഡിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടിയില്‍ പ്രതിഷേധം പുകയുകയാണ്.
സീറ്റുകളേക്കാള്‍ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയതോടെ ആരെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആരും തയ്യാറാകാതെ വന്നപ്പോള്‍ ജീവനക്കാര്‍ തന്നെ ചിലരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. വലിച്ചിഴക്കപ്പെട്ടയാളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ഒരു ഡോക്ടറാണെന്നും എത്രയും വേഗം തന്റെ രോഗികള്‍ക്ക് അടുത്ത് എത്തണമെന്നും ഇയാള്‍ മറുപടി നല്‍കി. ഇതോടെ ഇയാളെ സീറ്റില്‍ നിന്ന് ബലംപ്രയോഗിച്ച് വിമാനത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് യാത്രക്കാരുടെ പോസ്റ്റുകള്‍ പറയുന്നു.
യുണൈറ്റഡ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ വരാന്‍ സാധ്യതയുള്ള ഏറ്റവും മോശം പ്രതികരണമാണ് കമ്പനിയുടെ ട്വീറ്റ് എന്നായിരുന്നു സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്ന് ക്ഷമാപണവുമായി യുണൈറ്റഡ് സിഇഒ ഓസ്‌കാര്‍ മുനോസ് തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply