ലണ്ടൻ: ബ്രിട്ടനിൽ സംഗീതാധ്യാപകനായി പ്രവർത്തിക്കുന്ന മലയാളിയായ ജെബി ജോസഫിന് ന്യൂകാസിൽ സർവകലാശാലയുടെ 2026ലെ ഡോ. ജെയ്ൻ നോലൻ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസ് അവാർഡ് ലഭിച്ചു. സംഗീതവിദ്യാഭ്യാസവും സംരംഭകത്വവും സമന്വയിപ്പിച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
2020ൽ ആരംഭിച്ച പിയാനോ വിത്ത് ജെബി (PianoWithJebby) എന്ന ഓൺലൈൻ സംഗീതപഠന സംരംഭത്തിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 400ലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. തുടർന്ന് ന്യൂകാസിൽ സർവകലാശാലയിൽ സംഗീതവിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ യുകെയിലെ സംഗീതവിദ്യാഭ്യാസ സ്ഥാപനമായ ദി മാസ്ട്രോ ഓൺലൈൻ സഹകരിച്ച് നടത്തിയ ഇന്റേൺഷിപ്പിൽ ഇന്ത്യയിലേക്കുള്ള സ്ഥാപനത്തിന്റെ പ്രവർത്തനവിപുലീകരണം, ഇന്ത്യൻ സംഗീതരചനകൾ ഉൾപ്പെടുത്തൽ, ഇന്ത്യൻ കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള മാസ്റ്റർക്ലാസ് പദ്ധതികൾ തുടങ്ങിയവയിലും ജെബി പങ്കാളിയായി.

ഈ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ന്യൂകാസിൽ സർവകലാശാലയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ന്യൂകാസിൽ സർവകലാശാലയിലെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ ജെബി നിലവിൽ ബ്രിട്ടനിലെ ഒരു പ്രമുഖ ബോർഡിങ് സ്കൂളിൽ സംഗീതാധ്യാപകനാണ്. പിയാനോ പരിശീലനത്തിനൊപ്പം ഗായകസംഘങ്ങൾ, ചാപ്പൽ സംഗീതം, ഇൻസ്ട്രുമെന്റൽ എൻസെംബിളുകൾ, ഗ്രേഡഡ് സംഗീതപരീക്ഷകൾ, സംഗീത സ്കോളർഷിപ്പ് പരിശീലനം തുടങ്ങിയ മേഖലകളിലും സജീവമാണ്. മ്യൂസിക് ടെക്നോളജി, വേൾഡ് മ്യൂസിക്, ഇന്ത്യൻ സംഗീതം, വിവിധ സംസ്കാരങ്ങളിലെ സംഗീതരചനകൾ എന്നിവ കുട്ടികളുടെ സംഗീതപഠനവുമായി ബന്ധിപ്പിക്കുന്ന പുതിയ ആശയങ്ങളും വികസിപ്പിച്ചുവരുന്നു.

കമ്പ്യൂട്ടർ എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്ന് സംഗീതവിദ്യാഭ്യാസ രംഗത്തേക്ക് വഴിമാറിയ ജെബി അധ്യാപനം, പെർഫോമൻസ്, സംഗീതസംവിധാനം, സംഗീതവിദ്യാഭ്യാസ സംരംഭകത്വം എന്നീ മേഖലകളെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ്. സംഗീതാധ്യാപനത്തിനൊപ്പം മലയാളത്തിലെ ചില ഗാനങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
പുരസ്കാരത്തിന് പേര് നൽകിയ ഡോ. ജെയ്ൻ നോലൻ എംബിഇ ന്യൂകാസിൽ സർവകലാശാലയിലെ മുൻ അധ്യാപികയും സംരംഭകയുമാണ്. യുകെയുടെ കയറ്റുമതി രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവർക്ക് മെംബർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (MBE) ബഹുമതി ലഭിച്ചത്.
സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിൽ മഴ ശക്തമായതോടെ തിരുവനന്തപുരം ഉൾപ്പെടെ വിവിധ മേഖലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലിനും മിന്നൽ പ്രളയത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മലയോര മേഖലകളിലേക്കും ജലാശയങ്ങളിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, മലയോര മേഖലയിലുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരമായി വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കോടതിയിൽ കെട്ടിവയ്ക്കുന്നതുവരെ 8.5 ശതമാനം പലിശ കൂടി കണക്കാക്കുമ്പോഴാണ് ആകെ തുക ഏകദേശം 1.77 കോടി രൂപയാകുന്നത്. കോട്ടയം എംഎസിടി ജഡ്ജി പ്രസൂൺ മോഹനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സുധിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അമ്മയ്ക്കുമാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഏറെക്കാലമായി നടന്നുവരുന്ന നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷമാണ് ട്രൈബ്യൂണലിന്റെ വിധി. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ആശ്രിതർക്ക് ലഭിക്കുന്ന ഉയർന്ന തുകകളിലൊന്നാണിതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. വിനോദരംഗത്ത് സജീവമായിരിക്കെ ഉണ്ടായ സുധിയുടെ അപ്രതീക്ഷിത വിയോഗവും കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ചാണ് ഉയർന്ന നഷ്ടപരിഹാരം അനുവദിച്ചതെന്നും അഭിഭാഷകർ വ്യക്തമാക്കി. ഉത്തരവിലെ വിശദമായ വിവരങ്ങൾ പിന്നീട് പുറത്തുവരും.
2023 ജൂൺ 5ന് പുലർച്ചെയായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുധിക്കൊപ്പം ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരുക്കേറ്റിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ സുധി പിന്നീട് സിനിമയിലും സജീവമായി. ‘കാന്താരി’യിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘കുട്ടനാടൻ മാർപാപ്പ’, ‘തീറ്റ റപ്പായി’, ‘വകതിരിവ്’, ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’, ‘കേശു ഈ വീടിന്റെ നാഥൻ’, ‘എസ്കേപ്പ്’, ‘സ്വർഗത്തിലെ കട്ടുറുമ്പ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇരുവരുടെയും നിയമനത്തിന് തീരുമാനമായത്. ഇരുവർക്കും കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇതോടെ അഞ്ച് മന്ത്രിമാർക്കു പുറമേ ഒരാൾ കൂടി എത്തിയതോടെ മുസ്ലിം ലീഗിന് ആറ് കാബിനറ്റ് പദവികളായി.
മുഖ്യമന്ത്രി, 20 മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരടക്കം സംസ്ഥാന സർക്കാരിൽ കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം 24 ആയി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. 2021ൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം പദവി ഒഴിഞ്ഞതിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കമ്മീഷൻ അധ്യക്ഷപദവി ഉണ്ടായിരുന്നില്ല. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
ഭരണനിർവഹണത്തിലെ മാറ്റങ്ങൾ, നിലവിലുള്ള ചട്ടങ്ങളുടെ ഭേദഗതി, അധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് സർക്കാരിന് ശുപാർശകൾ നൽകുകയാണ് ഭരണപരിഷ്കാര കമ്മീഷന്റെ ഉത്തരവാദിത്തം. അതേസമയം, ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ജി. ദേവരാജൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള വിവിധ വിഷയങ്ങളിൽ ഏകോപന ചുമതല നിർവഹിക്കും. പുതിയ നിയമനങ്ങളോടെ സർക്കാരിലെ വിവിധ കാബിനറ്റ് റാങ്ക് പദവികളിലും മാറ്റം വന്നിരിക്കുകയാണ്.
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തലസ്ഥാനത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമായി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഹോസ്റ്റലിന് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് പൊലീസ് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തുകയും പാളയത്ത് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ വിദ്യാർഥികൾക്കും പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 1ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസ് ആക്രമണത്തിലും യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരുടെ നടപടിയിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് നടത്തുന്നതെന്ന് സംഘടന അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്താനും വൈകിട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിലും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് സിപിഎം നേതാക്കളായ വി.എസ്. ജോയിയും വി. ശിവൻകുട്ടിയും ഹോസ്റ്റലിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനും ലാത്തിച്ചാർജിൽ പരുക്കേറ്റു. മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് അക്രമം അഴിച്ചു വിട്ടെന്നാണ് സഞ്ജീവ് ആരോപിച്ചത്. അതേസമയം, ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് ജലപീരങ്കി വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ മാതാവ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയെന്ന സംശയത്തെ തുടർന്നാണ് മാതാവിനെ ചോദ്യം ചെയ്യുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് ഇരുവരെയും വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു; നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടികളുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏറെനേരം കുട്ടികളുടെ ശബ്ദം കേൾക്കാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇരുവരെയും വെള്ളത്തൊട്ടിയിൽ കണ്ടെത്തിയതെന്നാണ് നിവേദ്യ പൊലീസിനോട് പറഞ്ഞത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമാക്കുന്നതിനും സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്തുന്നതിനുമുള്ള അന്വേഷണത്തിലാണ് പൊലീസ്.
കണ്ണൂർ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിലായി. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവരിൽ നിന്നുമായി 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണെന്ന് എക്സൈസ് അറിയിച്ചു.
എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്നാണ് പിടിയിലായവർ എക്സൈസിന് നൽകിയ മൊഴി. ബാറിലെ മുറിയിലും വാഹനത്തിലുമായി ലഹരിമരുന്ന് സൂക്ഷിച്ചിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജോസ് തോമസ്
ഷിക്കാഗോ: സീറോ മലബാർ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും ലക്ഷ്യമിട്ട് സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy) ആരംഭിക്കുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മാർഗനിർദേശത്തിൽ എസ്.എം.സി.സി വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്.
വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷാ പഠനത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.
സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും, ദൈനംദിന പദങ്ങളും പ്രയോഗങ്ങളും, അടിസ്ഥാന വ്യാകരണം, സീറോ മലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാർത്ഥനകളും അവയുടെ അർത്ഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും. ഭാഷാ പഠനത്തോടൊപ്പം സീറോ മലബാർ സഭയുടെ ആരാധനാക്രമ പാരമ്പര്യത്തെയും ആത്മീയ-സാംസ്കാരിക പൈതൃകത്തെയും കൂടുതൽ അടുത്തറിയാനുള്ള അവസരവും കോഴ്സ് ഒരുക്കും.
2026 നവംബർ 4-ന് ആദ്യ ബാച്ച് ആരംഭിക്കും. രണ്ടാഴ്ചയിലൊരിക്കൽ ബുധനാഴ്ച രാത്രി 9 മണിക്ക് (അമേരിക്കൻ ഈസ്റ്റേൺ സമയം), 45 മിനിറ്റ് വീതം ഓൺലൈനായിരിക്കും ക്ലാസുകൾ. പ്രായപരിധിയില്ലാതെ സുറിയാനി ഭാഷ പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും കോഴ്സിൽ ചേരാം. ആദ്യ ബാച്ചിൽ 60 സീറ്റുകൾ മാത്രമാണ് ലഭ്യമാകുക. രജിസ്ട്രേഷൻ ഫീസ് 100 ഡോളർ ആണ്.
വിശ്വാസപരിശീലന അധ്യാപകർ, വിദ്യാർത്ഥികൾ, പള്ളി ഗായകസംഘാംഗങ്ങൾ, ദൈവശാസ്ത്ര വിദ്യാർത്ഥികൾ, സീറോ മലബാർ സഭയുടെയും ഇടവകകളുടെയും വിവിധ ശുശ്രൂഷകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന അൽമായർ എന്നിവരുടെ പങ്കാളിത്തമാണ് അക്കാദമി പ്രത്യേകമായി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, സുറിയാനി ഭാഷയും സഭയുടെ ആരാധനാക്രമ പൈതൃകവും പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും കോഴ്സിൽ പങ്കെടുക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത പഠന മാനദണ്ഡങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ, ഭാവിയിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഈ പഠനത്തിന് അക്കാദമിക് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി സർവകലാശാലകളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു. ബന്ധപ്പെട്ട സർവകലാശാലകളുടെ അംഗീകാരത്തിനും അക്കാദമിക് നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
അക്കാദമിക്ക് സഭാപരവും അക്കാദമികവും സാംസ്കാരികവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ഉപദേശക സമിതിയിൽ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് – ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ; അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് – പാലാ രൂപതാധ്യക്ഷൻ; ഫാ. ജോസഫ് പാലയ്ക്കൽ സി.എം.ഐ. – ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻ, ഗായകൻ, സംഗീതസംവിധായകൻ; റവ. ഡോ. പോളി മണിയാട്ട് — പ്രസിഡന്റ്, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (POIRS), ഡോ. ആൻഡ്രൂസ് മേയ്ക്കാട്ടുകുന്നേൽ – ഡയറക്ടർ, ബേത് അപ്രേം നസ്രാണി ദയറ, ഫാ. സിറിൽ തയ്യിൽ, അസിസ്റ്റന്റ് ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ, കപ്പുംതല, റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിൽ – എസ്.എം.സി.സി ദേശീയ ഡയറക്ടർ, ഡോ. ജെയിംസ് കുറുച്ചി — പണ്ഡിതൻ, പെൻസിൽവേനിയ സർവകലാശാലയിലെ (UPenn) റിട്ടയേർഡ് മലയാള ഭാഷാ അധ്യാപകൻ എന്നിവർ അംഗങ്ങളാണ്. ആവശ്യാനുസരണം കൂരിയ നിർദേശിക്കുന്ന മറ്റു സുറിയാനി പണ്ഡിതരെയും വൈദികരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉപദേശക സമിതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഫാ. വർഗീസ് മാറ്റത്തിൽ – ഡയറക്ടർ, സുറിയാനി ദൈവശാസ്ത്ര വിഭാഗം, POIRS; ഫാക്കൽറ്റി മേധാവിയായി പ്രവർത്തിക്കും.
ആദ്യമെത്തുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം. താൽപര്യമുള്ളവർ www.smccusa.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാകും. പ്രസിദ്ധീകരിച്ചിരിക്കുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്താലും രജിസ്ട്രേഷൻ പേജിലേക്ക് നേരിട്ട് പ്രവേശിക്കാം. ആദ്യ ബാച്ചിലെ 60 സീറ്റുകൾ നിറഞ്ഞുകഴിഞ്ഞാൽ ലഭിക്കുന്ന രജിസ്ട്രേഷനുകൾക്ക് അടുത്ത ബാച്ചിൽ മുൻഗണന നൽകുന്നതാണ്.

സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy) എന്ന ആശയം രൂപപ്പെടുത്തുകയും വിവിധ സഭാ-അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്. സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ദേശീയ സമിതിയുടെ പിന്തുണയോടെ ദേശീയ ഡയറക്ടർ – റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിൽ; ദേശീയ പ്രസിഡന്റ് – ജോർജ് വി. ജോർജ്; ദേശീയ സെക്രട്ടറി – ഷോളി കുമ്പിളുവേലി; ദേശീയ ട്രഷറർ – ടോമി തോമസ് പുല്ലാപ്പള്ളി; വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ചെയർമാൻ – ജോസ് തോമസ്; പ്രോഗ്രാം കോഓർഡിനേറ്റർ – സിറിയക് സ്കറിയ; ബോർഡ് ഓഫ് ഡയറക്ടേഴ്സ് – സിജിൽ പാലയ്ക്കലോടി എന്നിവർ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകുന്നു.
സീറോ മലബാർ സഭയുടെ വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും ചരിത്രത്തിന്റെയും വിലപ്പെട്ട പൈതൃകമായ സുറിയാനി ഭാഷയെ പഠിക്കാനും മനസ്സിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് കൈമാറാനും ആഗ്രഹിക്കുന്ന എല്ലാവരെയും എസ്.എം.സി.സി സുറിയാനി ഭാഷ അക്കാഡമി (SMCC Syriac Learning Academy)-യുടെ ആദ്യ ബാച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കോതമംഗലം: എറണാകുളം കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ, മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്ഐആർ. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പി.വി. കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷമാണ് കുര്യാക്കോസ് ഭാര്യയെ കൊലപ്പെടുത്തിയത്.
പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് കുഞ്ഞമ്മയെ പത്തുതവണയെങ്കിലും കുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഭാര്യയെ കൊലപ്പെടുത്തിയ വിവരം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് അറിയിച്ചത്. മകൻ അയൽവാസിയെ വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.
മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകളുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കുര്യാക്കോസിന്റെ മൊഴിയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. മൂന്നാഴ്ച മുൻപാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഇയാൾക്ക് കാലിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വിഷാദാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞമ്മയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.