ലണ്ടന്‍: പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയില്‍ കൃത്രിമ ഹൃദയം ഘടിപ്പിച്ചു. ലണ്ടനിലെ റോയല്‍ ബ്രോംപ്റ്റണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നടന്ന ശ്‌സ്ത്രക്രിയയിലാണ് വോസ്റ്റര്‍ സ്വദേശിനിയായ ക്ലോ നാര്‍ബോണിന് കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഇതോടെ ബ്രിട്ടനില്‍ ആദ്യമായി കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി എന്ന പേരും ക്ലോയ്ക്ക് സ്വന്തമായി. 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 30 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. രണ്ടാഴ്ചയ്ക്കു ശേഷം മറ്റൊരു ഹൃദയം ലഭിക്കുന്നതുവരെ ഈ കൃത്രിമഹൃദയം കുട്ടിയുടെ ജീവന്‍ കാത്തു.
ഇതിനു മുമ്പ് ഒരുതവണ ഇവള്‍ക്ക് ഹൃദയം മാറ്റിവെച്ചിട്ടുണ്ടെങ്കിലും അത് പരാജയമായതാണ് കൃത്രിമ ഹൃദയം എന്ന ആശയത്തിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചത്. അതിനു ശേഷം പുതിയ ഒരു ദാതാവിനെ ലഭിക്കുകയും വീണ്ടും ഹൃദയം മാറ്റിവെക്കുകയും ചെയ്തു. ക്ലോ ഇപ്പോള്‍ തന്റെ നാലാമത്തെ ഹൃദയവുമായി ആരോഗ്യവതിയായി കഴിയുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോവുകയും ഗാര്‍ഡനിംഗിലും ഗോള്‍ഫ് കളിയിലുമൊക്കെ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.
കൃത്രിമ ഹൃദയം സ്വീകരിക്കുന്ന യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍, ലോകത്തെതന്നെ പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ എന്നീ സ്ഥാനങ്ങളും ഇതോടെ ഇവള്‍ക്ക് സ്വന്തമായി. നാലാഴ്ച പ്രായമുള്ളപ്പോള്‍ ഹൃദയരോഗം സ്ഥിരീകരിച്ച ഇവള്‍ക്ക് 11 വയസുള്ളപ്പോള്‍ ആണ് ഹൃദയസ്തംഭനം ഉണ്ടായത്. ഹൃദയം മാറ്റിവെക്കുന്നതിന് ദാതാവിനായി കാത്തിരിക്കുന്നതിനിടെ പക്ഷാഘാതവും ഇവള്‍ക്കുണ്ടായി. ആദ്യം മാറ്റിവെച്ച ഹൃദയം പരാജയപ്പെട്ടതോടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവും ഇവള്‍ക്കുണ്ട്.
അതോടെയാണ് കൃത്രിമ ഹൃദയം ഘടിപ്പിച്ച് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശസ്ത്രക്രിയക്കിടെ തുറന്ന നെഞ്ചുമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട ആദ്യത്തെ വ്യക്തിയെന്ന പേരും ഇതിനൊപ്പം ക്ലോയ്ക്ക് ലഭിച്ചു. ഹൃദയശസ്ത്രക്രിയക്കിടെ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ പുറത്തുനിന്ന് നല്‍കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഇവളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.
Leave a Reply