ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂറിക് : മഡലിൻ മെക്കയിൻ തിരോധാനത്തിൽ ക്രിസ്റ്റ്യൻ ബ്രൂക്ക്നർ തന്നെ പ്രതിയെന്ന് സംശയിക്കുന്നതായി പോർച്ചുഗീസ് പ്രോസിക്യൂട്ടർമാർ. ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. തന്റെ പേരിലുണ്ടായ ആരോപണം ക്രിസ്റ്റ്യൻ നിഷേധിച്ചു. മൂന്ന് വയസ്സുള്ള മഡലിൻ മെക്കയിൻ എന്ന ബ്രിട്ടീഷ് പെൺകുട്ടി,15 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ അപ്രത്യക്ഷയായ സംഭവത്തിന്റെ സുപ്രധാനമായ ഘട്ടത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ എത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, മഡലിനെ ജീവനോടെയോ, അല്ലാതെയോ കണ്ടെത്തിയിട്ടില്ലെങ്കിലും ജർമ്മൻകാരനായ ക്രിസ്റ്റ്യൻ ബ്രൂക്ക്നറാണ് മഡലിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പ്രോസിക്യുട്ടർ നൽകുന്ന വ്യക്തമായ സൂചന. നിലവിൽ ലൈംഗികാതിക്രമ കേസിൽ ജർമ്മനിയിൽ ശിക്ഷിക്കപ്പെട്ട്, അവിടെ ജയിലിൽ ആണ് ഇയാൾ.

2007 മേയ് മൂന്നിന് പോർച്ചുഗലിലെ ടൂറിസ്റ്റ് കേന്ദ്രമായ പ്രായിയ ഡാലുസിലെ ഹോട്ടൽ മുറിയിൽ നിന്നാണ് മഡലിൻ മെക്കയിനെ കാണാതാവുന്നത്. മാതാപിതാക്കളായ ജെറി മെക്കയിനും, കേറ്റ് മെക്കയിനും രണ്ട് സഹോദരങ്ങൾക്കും ഒപ്പമായിരുന്നു മാഡിയെന്ന് വിളിപ്പേരുള്ള മൂന്നു വയസ്സുകാരി. മൂന്ന് മക്കളെയും ഹോട്ടൽ മുറിയിൽ ഉറക്കിയതിന് ശേഷം അന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം റസ്റ്റന്റിൽ അത്താഴം കഴിക്കാൻ പുറത്തു പോയതായിരുന്നു മെക്കയിൽ ദമ്പതികൾ. 10 മണിയോടെ തിരിച്ചു വന്നപ്പോൾ മാഡിയുടെ ഇളയ ഇരട്ട സഹോദരങ്ങൾ ഉറക്കത്തിൽ. മാഡിയെ കാണാനില്ല. ആകെ പൊലീസിന് കിട്ടിയ സൂചന- ഒരു കുട്ടിയുമായി ഒരാൾ രാത്രിയിൽ പോകുന്നത് കണ്ടു എന്ന മൊഴി മാത്രം.

ബ്രിട്ടീഷ് മാധ്യമങ്ങൾ മാഡിയുടെ തിരോധാനം കാര്യമായി ഏറ്റെടുത്തു. പോർച്ചുഗൽ പൊലീസ് അന്വേഷണത്തിൽ ജാഗ്രത കാട്ടി. പലരെയും കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. ബ്രിട്ടീഷ് പെൺകുട്ടിയുടെ തിരോധനത്തിൽ സ്കോട്ലൻഡ് യാർഡും ഊർജിതമായി ഇറങ്ങി. ആണും, പെണ്ണുമായ ഇരട്ടക്കുട്ടികളെ കിട്ടിയതോടെ മാഡിയെ സ്വന്തം മാതാപിതാക്കൾ തന്നെ ഇല്ലാതാക്കിയെന്ന് വരെ സംശയമുന നീണ്ടു. ബ്രിട്ടീഷ് സർക്കാർ ഇതേവരെ 13.5 ലക്ഷത്തലധികം പൗണ്ടാണ് ഈ കേസിനായി മുടക്കിയത്. എല്ലാ ഏജൻസികളും മാഡി ജീവിച്ചിരിപ്പില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും, തിരോധനത്തിന് മാത്രം തെളിവുകൾ ഉണ്ടായില്ല.

മാഡിയെ കാണാതായ ദിവസം സ്ഥലത്തു ക്രിസ്റ്റ്യന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതോടെ അന്വേഷണം അവിടേക്ക് നീങ്ങി. 15 വയസ്സ് മുതൽ പൊലീസ് റെക്കോർഡിൽ കയറിയ ആളാണ് ക്രിസ്റ്റിയാൻ. മാതാപിതാക്കൾ പുറത്തു പോയ സമയത്തു അപ്പാർട്ട്മെന്റിൽ മോഷണത്തിന് കയറിയ ക്രിസ്റ്റിയാൻ മാഡിയുമായി കടന്നുവെന്നാണ് അന്വേഷകർ കരുതുന്നത്. ഒട്ടേറെ തവണ ബാലപീഡനത്തിന് ഇദ്ദേഹം പിടിക്കപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബറിൽ ഇറ്റലിയിലെ മിലാനിൽ വെച്ചാണ് ക്രിസ്റ്റിയാൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2005 സെപ്റ്റംബറിൽ പോർച്ചുഗലിൽ വെച്ച് 72 വയസ്സുള്ള അമേരിക്കൻ ടൂറിസ്റ്റിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇതിന്റെ ശിക്ഷ ഇപ്പോഴും അനുഭവിക്കുകയാണ്.