തൃശൂര്‍: ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തില്‍ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ എന്നും നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച വീണ്ടും സഹ ഇന്‍സ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.

നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കുടുംബസമേതം റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന സ്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലില്‍ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റില്‍ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബില്‍ നല്‍കിയതോടെയാണ് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോബി ഏരിയയില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.

ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തുകയും ഗെയ്റ്റിന് മുന്നില്‍ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാന്‍ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടുടുത്ത് കാഷ്വല്‍ വേഷത്തില്‍ ആയിരുന്നു കിഷോര്‍ എന്നും ഹോട്ടല്‍ ലോബിയില്‍വച്ച് അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവര്‍ഷവും പ്രകടനവും വിവരിച്ച് ഒഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ദീപ് നല്‍കിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.

എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.

വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.

ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.