ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് അവധിക്കാലത്തെ യാത്രാ തിരക്കുകൾക്ക് പുറമേ ദുരിതം സമ്മാനിച്ച് വിമാനങ്ങളും റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന കാറ്റിനെ തുടർന്നാണ് യാത്രാ വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ക്രിസ്മസ് വാരാന്ത്യത്തിലെ യാത്രാ ദുരിതം പ്രതീക്ഷിച്ചതിലും ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ന് ഞായറാഴ്ച മാത്രം 100 ഓളം വിമാനങ്ങളാണ് ഹീത്രു എയർപോർട്ടിൽ നിന്ന് റദ്ദാക്കിയത്.
വിമാന യാത്രയ്ക്ക് മുമ്പ് എയർ ലൈനുമായി യാത്രക്കാർ ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാന സർവീസുകൾക്ക് പുറമെ ഫെറീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഐറിഷ് കടലിന് കുറുകയും സ്കോട്ടിഷ് കടൽ തീരത്ത് ഉടനീളമുള്ള ഫെറി സർവീസുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ കാറ്റ് വീശി അടിക്കും എന്നുള്ള പ്രവചനങ്ങളാണ് വിമാന സർവീസുകളും ഫെറി സർവീസുകളും റദ്ദാക്കിയതിന് പിന്നിലെ കാരണം. റദ്ദാക്കിയ 100 ഫ്ലൈറ്റുകളിൽ 80 എണ്ണവും ബ്രിട്ടീഷ് എയർവെയ്സിൻ്റേതാണ്. ഇത് മൊത്തം 15,000 ആളുകളെ ബാധിക്കുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഉള്ള നിയന്ത്രണങ്ങളാണ് വ്യാപകമായ റദ്ദാക്കലിലേയ്ക്ക് നയിച്ചതെന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ വക്താവ് പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കോട്ട് ലൻഡിന്റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന. ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
Leave a Reply