ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും പങ്കെടുക്കാത്ത യുവാക്കളുടെ എണ്ണം ഒരു മില്യൺ എന്ന ആശങ്കാജനക നിലയിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ 16 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കളുടെ നിലവിലെ വിവരങ്ങളെ വിശകലം ചെയ്തതിന്റെ അടിസ്ഥനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എൻ.എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ 9,57,000 യുവാക്കളാണ് “നോട്ട് ഇൻ എഡ്യൂക്കേഷൻ എംപ്ലോയ്മെൻറ് ഓർ ട്രെയിനിങ്” വിഭാഗത്തിൽപ്പെട്ടത്. ഇത് ആ പ്രായവിഭാഗത്തിലെ 12.8 ശതമാനമാണ്. മുൻ കാലത്തേക്കാൾ നേരിയ വർധനയുണ്ടായെങ്കിലും കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാന പോയിന്റ് കുറവാണെന്ന് ഒ.എൻ.എസ് വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി മേഖലയിലെയും ഗ്രാജുവേറ്റ് പദ്ധതികളിലെയും നിയമനക്കുറവ് മൂലം ദുർബലമായ തൊഴിൽ വിപണി യുവാക്കളെ കൂടുതൽ ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം മുൻ വർഷത്തേക്കാൾ 12.3 ശതമാനം വർധിച്ചപ്പോൾ, സജീവമായി ജോലി തേടാത്തവരുടെ എണ്ണം 6 ശതമാനം കുറഞ്ഞു. യുവതികളിൽ ഈ നിരക്ക് 12.2 ശതമാനമായി ഉയർന്നതാണ് ആകെ വർധനയ്ക്ക് പ്രധാന കാരണം; യുവാക്കളിൽ ഇത് 13.3 ശതമാനമായി നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇപ്പോഴും പുരുഷന്മാരെയാണ് തൊഴിൽ ഇല്ലായ്മ കൂടുതൽ ബാധിച്ചത്.

ദീർഘകാല അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോഡൈവേഴ്സിറ്റി തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് വർഷമായി യുവാക്കളിൽ പലരും ജോലിയിൽ നിന്ന് പിന്തിരിയുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് യൂത്ത് ഫ്യൂച്ചേഴ്സ് ഫൗണ്ടേഷൻ പഠനം വ്യക്തമാക്കി . സോളിഹള്ളിൽ താമസിക്കുന്ന 24കാരനായ ഓട്ടിസം ബാധിച്ച ജോസഫ് മൂന്ന് വർഷമായി തൊഴിൽരഹിതനാണ് . ജോലി നേടാൻ പ്രവർത്തി പരിചയം വേണമെന്ന അവസ്ഥയാണ് തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ദി കിംഗ്സ് ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെ ശമ്പളത്തോടെയുള്ള ജോലി കണ്ടെത്താൻ ശ്രമിക്കുകയാണ് ജോസഫ് . ഔപചാരിക വിദ്യാഭ്യാസം, അപ്രന്റിസ്ഷിപ്പ്, തൊഴിൽപരിശീലനം എന്നിവയിൽ പങ്കെടുക്കുന്നവർ തൊഴിൽ ഇല്ലാത്തവരുടെ വിഭാഗത്തിൽപ്പെടില്ലെന്നും ഒ.എൻ.എസ് വ്യക്തമാക്കുന്നു.

പുറത്തുവരുന്ന കണക്കുകൾ കടുത്ത വെല്ലുവിളി’യാണെന്ന് തൊഴിൽ-പെൻഷൻ സെക്രട്ടറി പാറ്റ് മക്ഫാഡൻ വ്യക്തമാക്കി. അപ്രന്റിസ്ഷിപ്പുകൾ വഴി യുവാക്കളെ നിയമിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് 18 മാസം തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ കഴിയുന്ന യുവാക്കൾക്ക് ഉറപ്പുള്ള ശമ്പളത്തോടെയുള്ള ജോലി അവസരം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. മുൻ ലേബർ ആരോഗ്യ സെക്രട്ടറി അലൻ മിൽബേൺ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് വേനലിൽ പുറത്തുവരും.











Leave a Reply