ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വീടുകൾക്കുള്ള വർദ്ധിച്ചു വരുന്ന ഇൻഷുറൻസ് പ്രീമിയം തുക മലയാളികളെയും, യു കെ ജനതയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും അടിച്ചേൽപ്പിക്കുന്ന ഉയർന്ന പ്രീമിയം തുക അടയ്ക്കുവാൻ നിർബന്ധിതരാകുകയാണ് പലരും. വീടുകളിൽ സ്വർണ്ണമടക്കം സൂക്ഷിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും അടയ്ക്കേണ്ടിവരുന്നത് ഉയർന്ന തുകയാണ്. പ്രധാനമായും കള്ളന്മാരെ ഭയന്നാണ് ഉള്ളതിനേക്കാൾ കൂടുതൽ സ്വര്‍ണത്തിന്റെ തൂക്കം കാണിച്ചു മിക്കവരും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൊള്ളലാഭത്തിനു അവസരം ഒരുക്കുന്നത്. എന്നാല്‍ ഒരു വീട്ടില്‍ ഉണ്ടാകാവുന്ന വസ്തുക്കളുടെ പരമാവധി മൂല്യം 51000 പൗണ്ട് മാത്രം ആയിരിക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ പെരുപ്പിച്ചു കാട്ടുന്ന തുകകളിൽ പലപ്പോഴും ഉപഭോക്താക്കള്‍ വീണു പോകുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. വീടുകളിൽ ഉള്ളതിനേക്കാൾ രണ്ടും മൂന്നും ലക്ഷം പൗണ്ടിന്റെ സാധനങ്ങൾ കൂടുതൽ ഉണ്ടെന്ന് കാണിക്കുന്നതിൽ യാതൊരുവിധ പ്രയോജനവും ഇല്ലെന്നാണ് വിദഗ്ധർ കൂട്ടിച്ചേർക്കുന്നത്. ഒരു മോഷണം മറ്റോ നടന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ, വീട്ടുടമ ആവശ്യപ്പെടുന്ന തുക ഉടൻതന്നെ അനുവദിച്ചു നൽകുന്ന ഇൻഷുറൻസ് കമ്പനികൾ ഒന്നും തന്നെയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഷ്ടമായ വസ്തുക്കളുടെ യഥാർത്ഥ മൂല്യം കൃത്യമായി വിലയിരുത്തി, അത് സംബന്ധിച്ച് ആവശ്യമായ തെളിവുകൾ അവർ ആവശ്യപ്പെടുന്നുണ്ട്. ഡയമണ്ട് ഒക്കെ നഷ്ടപ്പെടുന്നവരുടെ കൈയ്യിൽ നിന്നും ബില്ലുകളും അവയുടെ ചിത്രങ്ങളുമെല്ലാം തന്നെ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന സാഹചര്യങ്ങളിൽ കമ്പനികൾ കൃത്യമായി ആവശ്യപ്പെടാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടൊപ്പം തന്നെ വീടുകൾ വാടകയ്ക്ക് നൽകുന്നവർ കൃത്യമായ ലാൻഡ് ലോർഡ് ഇൻഷുറൻസ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്ന വീടുകൾ ബിസിനസ് കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ, അവിടെ താമസിക്കുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള അവകാശമുണ്ട്. അത്തരം ക്ലെയിമുകളിൽ വീട്ടുടമക്ക് ലാന്‍ഡ് ലോര്‍ഡ് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും വീട്ടുടമയുടേതായി മാറും. എന്നാൽ ലാൻഡ് ലോർഡ് ഇൻഷുറൻസ് പ്രീമിയം തുകകൾ പലപ്പോഴും വൻതോതിലാണ് ഈടാക്കപ്പെടുന്നത്. 2023 ലെ മോശം കാലാവസ്ഥ മൂലം റെക്കോര്‍ഡ് തുകയായ 585 മില്യണ്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ഇത്തവണ ഓരോ കമ്പനിയും പ്രീമിയം ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കൃത്യമായ ധാരണയിൽ എത്തി മാത്രമേ ഇൻഷുറൻസ് പ്രീമിയം തുകകൾ സ്വീകരിക്കാവൂ.