ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഗൃഹവൈദ്യുതി വിതരണ കമ്പനിയായ ഒക്ടോപസ് എനർജി ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം ഗണ്യമായി കുറയുന്നതിനാൽ സോളാർ വൈദ്യുതി ഉൽപ്പാദനത്തിലും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വൈകിട്ട് 6 മുതൽ 8 വരെ വാഷിങ് മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രഹണത്തിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിൽ ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ 95 ശതമാനം വരെ മറയുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സോളാർ വൈദ്യുതി ഉൽപ്പാദനം കുറയുകയും അതേസമയം ഉഷ്‌ണ തരംഗം തുടരുന്നതിനാൽ ഫാനുകൾ, എയർ കണ്ടീഷണറുകൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുകയും ചെയ്യുമെന്ന ആശങ്ക ആണ് നിലനിൽക്കുന്നത്. ഉപഭോഗം താൽക്കാലികമായി മാറ്റിവെക്കാൻ തയ്യാറാകുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യുതി നൽകുമെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടന്റെ ദേശീയ വൈദ്യുതി സംവിധാന ഓപ്പറേറ്ററായ നെസോ (NESO) ഗ്രഹണത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്നതിനായി ഒരു വർഷത്തിലേറെയായി തയ്യാറെടുപ്പുകൾ നടത്തി വരുകയാണെന്ന് വ്യക്തമാക്കി. യൂറോപ്പിലാകെ ഏകദേശം 9.7 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ഗ്രഹണത്തെ തുടർന്ന് ബാധിക്കാമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ഉഷ്‌ണ തരംഗവും ജലക്ഷാമവും മൂലം യൂറോപ്പിലെ ചില ആണവ, കൽക്കരി, ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനവും ബാധിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.