കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.
2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.
ഗുവാഹത്തിയിൽ ആദ്യകളി തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കാണാൻ ഡ്രസിങ് റൂമിലെത്തിയ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ കളിക്കാരോടു പറഞ്ഞു: ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് ലോകകപ്പ് നേടാൻ എനിക്ക് 22 വർഷം വേണ്ടി വന്നു. വിജയം ഒറ്റയടിക്കു കൈവരില്ല. സാവധാനം ജയിച്ചുതുടങ്ങുക, ജയിച്ചാൽ പിന്നെ തോൽക്കാതിരിക്കുക..! ആദ്യ മൂന്നുകളിയും ജയിക്കാതിരുന്നപ്പോഴും ആത്മവിശ്വാസം അൽപം പോലും നഷ്‌ടമാക്കാതെ നാലാമത്തെ കളി ജയിക്കാൻ ടീമിനു കരുത്തുനൽകിയത് സച്ചിന്റെ വാക്കുകളായിരുന്നു.
സച്ചിന്റെ സാന്നിധ്യം ടീമിന് അദൃശ്യമായൊരു സ്ട്രൈക്കറുടെ ബലമായിരുന്നു നൽകിയിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വിറ്റ് സച്ചിൻ പിൻമാറുന്നത് ടീമിന് നഷ്ടമാകാൻ പോകുന്നത് ആത്മവിശ്വാസത്തോടെ തോൽവിയിലും പുഞ്ചിരിച്ചുകൊണ്ടുള്ള സച്ചിന്റെ വാക്കുകളായിരിക്കും.
ഫുട്‌ബോൾ ഹരത്തിന്റെ നിറമേതെന്നു ചോദിച്ചാൽ മനസിൽ ആദ്യം നിറയുക മഞ്ഞയായിരിക്കും. ഫുട്‌ബോൾ ലഹരിയുടെ ആഗോള തലസ്‌ഥാനമായ ബ്രസീലിന്റെ മഞ്ഞപ്പടയിൽ നിന്നു ലോകമെങ്ങും പടർന്നു പിടിച്ചതാണ് ആ മഞ്ഞ ലഹരി. ഐഎസ്‌എല്ലിൽ ബ്രസീലിന്റെ പ്രതിരൂപമാണു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ടീം ആരാധകരോട് വിളിച്ചു പറയുന്നതും ഇതാണ്; ‘മഞ്ഞയിൽ കളിച്ചാടൂ’…
ആ മഞ്ഞപ്പടയുടെ നടുവിലേക്ക് സൂര്യപ്രഭയിൽ സച്ചിൻ തെൺഡുൽക്കർ ഇറങ്ങുമ്പോൾ ആവേശം ഉച്ചസ്ഥായിയിലാകുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് പോലും രൂപപ്പെട്ടത് സച്ചിന്റെ ഓമനപ്പേരായ മാസ്റ്റർ ബ്ലാസ്റ്റേഴ്സിൽ നിന്നാണ്.
സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തെ കാണാൻ വേണ്ടി മാത്രം ഐഎസ്എൽ വേദികളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സ് എന്ന പേരിനൊപ്പം സച്ചിൻ സച്ചിൻ എന്ന ആവേശവിളികളും ഗാലറികളിൽ നിന്നും മുഴങ്ങിക്കേട്ടു.
ഒരു കാലത്ത് നിറം മങ്ങിയിരുന്ന കേരളത്തിലെ ഫുട്ബോൾ കാലത്തിന്റെ ആവേശം തിരികെയത്തിക്കാൻ സാച്ചിൻ സാന്നിധ്യം കൊണ്ട് സാധിച്ചു. 2014 മുതൽ ഓരോ ഐഎസ്എൽ കാലവും ആവേശക്കാലം കൂടിയായിരുന്നു.
‘സച്ചിന്‍… സച്ചിന്‍’ എന്ന് ഒരു മന്ത്രംപോലെ ആര്‍ത്തുവിളിച്ച ഗാലറികൾ. അവിടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കു ക്രിക്കറ്റിലെ ദൈവത്തിനു സ്വാഗതമോതുന്ന ബാനറുകൾ. സ്‌റ്റേഡിയത്തിലെ ഇലക്‌ട്രോണിക് സ്‌ക്രീനില്‍ സച്ചിനെ കാണുമ്പോഴെല്ലാം ജനം ഇളകിമറിഞ്ഞു.
ടീമിനായി ആർത്തുവിളിക്കാൻ സച്ചിന്‍ കൈവീശി ആഹ്വാനം ചെയ്‌തപ്പോൾ ജനമൊന്നാകെ ആർത്തിരമ്പി. സച്ചിൻ കളികാണാൻ വരുന്നുണ്ടോയെന്നാണ് ഗാലറികളിലേക്ക് എത്തുന്നവർ ആദ്യം അന്വേഷിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എന്ന മഞ്ഞപ്പടയെ ലോകമെമ്പാടുമുള്ളവർക്ക് സുപരിചതമാക്കിയതിൽ സച്ചിന്റെ പങ്ക് ചെറുതല്ല.
ഐഎസ്എല്ലിൽ സ്വന്തം നാടായ മുംബൈയെ കൈവെടിഞ്ഞ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയപ്പോൾ കേരളം നൽകിയ സ്നേഹം സച്ചിന് ഒരിക്കലും മറക്കാനാവുന്നതല്ല.
മനംനിറഞ്ഞ് കൈവീശി ചെറുപുഞ്ചിരിയോടെ കേരളത്തിൽ നിന്നും പോകുന്ന സച്ചിനെ കേരളീയർക്കും മറക്കാനാകില്ല. ഓഹരി വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സ് ഹൃദയത്തിനൊപ്പമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്.
അതെ, കൈമാറ്റം ചെയ്താലും ബ്ലാസ്റ്റേഴ്സ് എന്ന മലയാളി ടീമിനെ ഇന്ത്യൻ ഫുട്ബോൾ പട്ടികയിലേക്ക് കൈപിടിച്ചുയർത്തിയ ആദ്യ ഉടമയെ കേരളത്തിനും എങ്ങനെ മറക്കാനാകും. സച്ചിനില്ലാത്ത മഞ്ഞപ്പടയുടെ അഞ്ചാം സീസണിലെ കളിയുടെ ആവേശം പഴയതുപോലെ തന്നെയുണ്ടാകുമോയെന്ന് കണ്ടറിയണം.
നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.
ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടിക്കും.
Leave a Reply