യാത്രാച്ചട്ടം വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും. നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കണം.

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബ്രിട്ടൻ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകി. എന്നിട്ടും ബ്രിട്ടൻ പിന്മാറിയില്ല. തുടർന്നാണ് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.