ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ലണ്ടനിൽ നടക്കാനിരിക്കുന്ന നോട്ടിംഗ് ഹിൽ കാർണിവലിനു മുന്നോടിയായി ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്ത് മെട്രോപൊളിറ്റൻ പോലീസ്. അന്വേഷണത്തിൽ നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പൊതുജന സുരക്ഷ മുൻ നിർത്തി നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ പലരിൽ നിന്നും 11 തോക്കുകളും 40 ലധികം കത്തികളും വരെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാർണിവലിനു മുന്നോടിയായി 21 പേരെ കൂടി ജയിലിലേക്ക് തിരിച്ചുവിളിച്ചു. ഇതിന് പുറമെ ജാമ്യത്തിലോ പ്രൊബേഷനിലോ കഴിയുന്ന 266 പേർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കാർണിവലിനിടെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സുരക്ഷാ നടപടികൾ ഈ കൊല്ലം സ്വീകരിച്ചിരിക്കുന്നത്. ഇരകളിലൊരാളായ ചെർ മാക്സിമെൻ കുത്തേറ്റത് മകളുടെ മുന്നിൽ വച്ചായിരുന്നു. കഴിഞ്ഞ വർഷം, കവർച്ച, അക്രമം, മയക്കുമരുന്ന്, ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 103 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഈ സംഭവങ്ങളിൽ 18 ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് കാർണിവൽ സംഘാടകർ പറയുന്നു. കാർണിവലിൽ എല്ലാവർക്കും സൗജന്യമായി പ്രവേശിക്കാമെന്നും അവർ അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി നടക്കുന്ന പരിപാടികളിൽ പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലുടനീളം ഏകദേശം 7,000 ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. അക്രമം തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സ്റ്റോപ്പ്-ആൻഡ്-സെർച്ച് അധികാരങ്ങൾ, സിസിടിവി, മുഖം തിരിച്ചറിയൽ, സ്‌ക്രീനിംഗ് ആർച്ചുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
Leave a Reply