ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ച സംഭവത്തില്‍ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ കുറ്റക്കാരന്‍. 26 വീഡിയോകളും 9 ചിത്രങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗേറ്റ്‌സ്‌ഹെഡ് സ്വദേശിയായ ലോയ്ഡ് വാട്ട്‌സണ്‍ എന്ന 33കാരനാണ് കുറ്റവാളി. അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കിയതിന് 3 ചാര്‍ജുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ബിബിസിയുടെ ന്യൂസ് വെബ്‌സൈറ്റിലെ ജീവനക്കാരനായിരുന്ന ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇയാളുടെ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തത്. ഡാര്‍ക്ക് വെബ്ബില്‍ നിന്നാണ് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്തി. ന്യൂകാസില്‍ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതുള്‍പ്പെടെയുള്ള വീഡിയോകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരം വീഡിയോകളും ചിത്രങ്ങളും സൃഷ്ടിച്ചവരാണ് കുറ്റക്കാരെന്നുമാണ് വാട്ടസണ്‍ പറഞ്ഞത്.

9 മാസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടതിലൂടെ വാട്ട്‌സണും കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന് കോടതി സൂചിപ്പിച്ചു. ലൈംഗികക്കുറ്റവാളികളുടെ പട്ടികയില്‍ ഇയാളുടെ പേര് 10 വര്‍ഷത്തേക്ക് ചേര്‍ക്കാനും കോടതി വിധിച്ചു.