കോയമ്പത്തൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കോയമ്പത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് റോഡില്‍ സി. കാര്‍ത്തിക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
കാര്‍ത്തിക്കും കുടുംബവും വ്യാഴാഴ്ചയാണ് വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയത്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി പുഷ്പ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് വീടിന്റെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുകയും ഇദ്ദേഹം സിറ്റി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറുകള്‍ തുറന്നത്. മോഷണത്തിന് ശേഷം വീടിനുള്ളില്‍ മുട്ടക്കറി മസാല തളിച്ചിരുന്നു. പോലീസ് നായ മണംപിടിക്കാതിരിക്കാനാണ് മുട്ടക്കറി ഒഴിച്ചത്.
വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ജി.സ്റ്റാലിന്‍, ഇ.എസ്. ഉമ എന്നിവരുള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Leave a Reply