ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിലും, ഹരിപ്പാട് ബ്ലോക്കിലുമായി അഞ്ഞൂറ് ഹെക്ടര്‍ പാടത്തെ നെല്ല് വരളര്‍ച്ചയും അമ്ലത്വവുംമൂലം കരിച്ചില്‍ ബാധിച്ച് നശിച്ചുവെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം മാന്നാര്‍ പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലും, ചെന്നിത്തല രണ്ടാം ബ്ലോക്കിലെ എട്ട് പാടശേഖരങ്ങളിലുമായി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് വരിനെല്ല് ബാധിച്ചും കൃഷി നശിച്ചിട്ടുണ്ട്.കുട്ടനാട്– അപ്പര്‍കുട്ടനാട് മേഖലയിലെ ആയിരം ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷി നശിച്ചതായി കൃഷിവകുപ്പ്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി വ്യക്തമാക്കി.

അതേസമയം നെല്ല് സംഭരണത്തില്‍ വ്യാപകമായി ഏജന്‍റുമാര്‍ ക്രമക്കേട് കാണിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. വൈകി കൃഷിയിറക്കിയതാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി പറഞ്ഞു. കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിന് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അടുത്തദിവസം പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളിലെ പണം കിട്ടാനുള്ളവര്‍ക്കടക്കം ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഈര്‍പ്പം, പതിര് എന്നിവയുടെ പേരില്‍ ഒരു ക്വിന്‍റല്‍ നെല്ലിനൊപ്പം മൂന്ന് കിലോവരെ നെല്ല് സംഭരണസമയത്ത് അധികമായി ആവശ്യപ്പെടുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാഡി ഓഫിസര്‍ക്ക് പരാതിയും നല്‍കി.

ഏജന്‍റുമാര്‍ നടത്തുന്ന ക്രമക്കേടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ വിളവെടുപ്പ് പുരോഗമിക്കുന്നതോടെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നുറപ്പാണ്.