ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിൽ ക്യാമ്പ് ട്രിപ്പിൽ 12 വയസ്സുകാരനും മുത്തശ്ശനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 12 വയസ്സുകാരനായ കൈസി റക്കായ് സെൽഡൻ ബ്രൗണും അവൻറെ മുത്തശ്ശനായ ഡേവിഡ് ബ്രൗണിനെയും ആണ് ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് ബ്രൗണിന് 66 വയസ്സായിരുന്നു പ്രായം . സെപ്തംബർ 14 ന് രാവിലെ 11 മണിയോടെ തൊട്ടടുത്ത ടെൻ്റിൽ ഉറങ്ങുകയായിരുന്ന അമ്മാവനാണ് പോക്സിലെ ഒരു ടെൻ്റിൽ മുത്തച്ഛനോടൊപ്പം കുട്ടിയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഇവരുടെ മരണത്തിന് കാരണം കാർബൺ മോണോക്സൈഡ് അമിതമായ അളവിൽ ശ്വസിച്ചതു മൂലമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാചക സ്റ്റൗവിൽ നിന്ന് മോണോക്സൈഡ് ടെന്റിനുള്ളിൽ വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ബെർക്ക്‌ഷെയറിലെ എർലിയിൽ നിന്നുള്ള കുടുംബം 200 മൈൽ യാത്ര ചെയ്ത് മിഡ് വെയിൽസിലെ ക്യാമ്പ്‌സൈറ്റിലെത്തി ദാരുണമായ സംഭവം നടക്കുന്നതിന് മുമ്പ് രാത്രി ഇവർ ഒരു ടെൻ്റിൽ താമസിച്ചിരുന്നു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുത്തച്ഛനെയും പേരക്കുട്ടിയെയും രക്ഷിക്കാനായില്ല. ഇരുവരുടെയും രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് നിർണ്ണയിക്കാനുള്ള പരിശോധന ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് സീനിയർ കൊറോണർ ഗ്രെയിം ഹ്യൂസ് പോണ്ടിപ്രിഡ് കൊറോണേഴ്സ് കോടതിയെ അറിയിച്ചു. ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി സർവീസ് സംഭവസ്ഥലത്ത് എത്തി ചേർന്നിരുന്നെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താനായില്ല. ആകസ്മികമായി ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തെ സഹായിക്കാനായി ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേർന്ന് 5000 പൗണ്ട് ലക്ഷ്യമിട്ട് ധനസമാഹരണത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതുവരെ 1000 പൗണ്ടിലധികം സംഭാവന ലഭിച്ചു കഴിഞ്ഞു.
Leave a Reply