കത്തോലിക്ക സഭയുടെ ആരാധനാലയങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതന്മാരാക്കുന്നത് ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ്, മാര്‍പാപ്പ വിപ്ലവകരമായ ഈ തീരുമാനം പറഞ്ഞത്.

വൈദികരുടെ കുറവ് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ എണ്ണം വര്‍ധിക്കുന്നത് വഴി ലോകമെങ്ങും ക്രിസ്തുമതത്തിന്റെ പ്രചാരണം ശക്തമാക്കാന്‍ കഴിയുമെന്നും മാര്‍പാപ്പ വിലയിരുത്തുന്നു.അതേസമയം, ഇപ്പോള്‍ പുരോഹിതരായിരിക്കുന്നവര്‍ക്ക് വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. നിലവില്‍ കത്തോലിക്കാ സഭയില്‍ വിവാഹിതര്‍ക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകള്‍ നടത്താം.വൈദീകരുടെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമത്തിലും ചില ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന സൂചനയും മാര്‍പാപ്പ നല്‍കിയിട്ടുണ്ട്.