ഏതോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു പന്ത്രണ്ടുവയസ്സുകാരിക്ക് എന്തുചെയ്യാനാവും?

എന്തും ചെയ്യാനാവുമെന്ന് അവള്‍ കാണിച്ചുകൊടുത്തു. ശക്തമായി പ്രതിരോധിച്ച്, കുതറി ഓടിരക്ഷപ്പെട്ട അവള്‍ക്ക് അതിനു ധൈര്യംപകര്‍ന്നത് സ്‌കൂളില്‍നിന്നുകിട്ടിയ കരാട്ടെ പരിശീലനം. തിരൂരങ്ങാടിയിലെ ആ കൊച്ചുമിടുക്കിയാണ് ഇന്ന് കേരളത്തിന്റെ നായിക.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വെച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍, അയാള്‍ക്കതിന് പറ്റിയില്ല. സ്‌കൂളില്‍വെച്ച് പരിശീലിച്ച കരാട്ടെ അവള്‍ ഒട്ടും പതറാതെ പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണംനടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. പ്രദീപ് കുമാര്‍ അറിയിച്ചു.

അതിക്രമങ്ങളും പീഡനശ്രമങ്ങളും മനുഷ്യരെ ഭയപ്പെടുത്തുന്നകാലത്ത് ഈ പന്ത്രണ്ടുകാരി പഠിപ്പിക്കുന്നത് ഒരു ആശ്വാസപാഠം. അവള്‍ക്ക് രക്ഷപ്പെടാന്‍ തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമാണെന്ന് പോലീസും അധ്യാപകരും പറയുന്നു.