ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 12കാരനെ യുകെയിലെ ഏറ്റവും ബുദ്ധിശക്തിയുള്ള ബാലനായി തിരഞ്ഞെടുത്തു. ബാര്‍നെറ്റില്‍ താമസിക്കുന്ന രാഹുല്‍ എന്ന ബാലനാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. ബിബിസി ചാനല്‍ 4ലെ പരിപാടിയുടെ ഫിനാലെയില്‍ 9 വയസുകാരനായ റോണന്‍ എന്ന കുട്ടിയോടായിരുന്നു രാഹുല്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച സംപ്രേഷണം ചെയ്ത പരിപാടിയില്‍ 4നെതിരെ 10 പോയിന്റുകള്‍ രാഹുല്‍ നേടിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെന്‍സയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹതയുള്ള ഐക്യു നിലവാരമാണ് രാഹുലിന് ഉള്ളതെന്ന് വിലയിരുത്തപ്പെടുന്നു. എട്ട് മുതല്‍ 12 വയസ് വരെ പ്രായമുള്ള 19 കുട്ടികളുമായി മത്സരിച്ചാണ് രാഹുല്‍ ഈ ബഹുമതി സ്വന്തമാക്കിയത്. 19-ാം നൂറ്റാണ്ടിലെ കലാകാരന്‍മാരായിരുന്ന വില്യം ഹോള്‍മാന്‍ ഹണ്ട്, ജോണ്‍ എവററ്റ് മില്ലെയ്‌സ് എന്നിവരേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ സമ്മാനം കരസ്ഥമാക്കിയത്.
ആദ്യ റൗണ്ടില്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞുകൊണ്ട് ക്വിസ് മാസ്റ്ററെ രാഹുല്‍ ഞെട്ടിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി മാനേജറായ മിനേഷിന്റെയും ഫാര്‍മസിസ്റ്റായ കോമളിന്റെയും മകനാണ് ഈ കൊച്ചു മിടുക്കന്‍.
Leave a Reply