ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ മുൻഗാമിയായ ലിസ് ട്രെസ്സിന്റെ തെറ്റുകൾ പരിഹരിക്കുമെന്നും, ജനങ്ങളുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം റിഷി സുനക് പ്രഖ്യാപിച്ചു. ബക്കിങ്‌ഹാം കൊട്ടാരത്തിൽ എത്തി ചാൾസ് രാജാവിനെ സന്ദർശിച്ച ശേഷം നടന്ന അധികാര കൈമാറ്റ ചടങ്ങിന് ശേഷമാണ് റിഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോചനം നേടുവാൻ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.


തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ലിസ് ട്രസ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ചു. അതോടൊപ്പം തന്നെ താൻ പ്രധാനമന്ത്രിയായിരുന്ന സമയം ധൈര്യം എത്രത്തോളം ആവശ്യകതയുള്ളതാണെന്ന് തനിക്ക് ബോധ്യം വന്നതായും അവർ പറഞ്ഞു. സുനക്കിന്റെ പ്രസംഗത്തെത്തുടർന്ന്, പ്രതിപക്ഷ പാർട്ടികൾ ഉടനടി പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ ആവശ്യം ആവർത്തിക്കുകയും സുനക്കിന് ജനസമ്മതി ഇല്ലെന്ന് വാദിക്കുകയും ചെയ്തു.


തന്റെ മുൻഗാമികളായ ബോറിസ് ജോൺസനോടും ലിസ് ട്രെസ്സിനോടുമുള്ള ആദരവ് തന്റെ പ്രസംഗത്തിൽ റിഷി സുനക് പ്രകടിപ്പിച്ചു. ചാൻസലറായി ജെറെമി ഹണ്ട് തന്നെ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡോമിനിക് റാബ്, മൈക്കൽ ഗോവ് തുടങ്ങിയവർക്ക് മുൻതര സ്ഥാനങ്ങൾ ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗും, ജസ്റ്റിസ് സെക്രട്ടറി ബ്രാൻഡൺ ലൂയിസും തങ്ങളുടെ രാജി നൽകി കഴിഞ്ഞു. ലോക നേതാക്കളെല്ലാം തന്നെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്നു കഴിഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് ആഹ്വാനമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഉള്ള തന്റെ ആദ്യ പ്രസംഗത്തിൽ റിഷി സുനക് മുന്നോട്ടുവെച്ചത്.