ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ കൗൺസിലുകളിലെ സാമൂഹിക പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനായി, അപ്രൻ്റീസ്ഷിപ്പിലൂടെ കൂടുതൽ പേരെ റിക്രൂട്ട് ചെയ്തു സോഷ്യൽ വർക്ക് രംഗത്തേക്ക് പരിശീലിപ്പിക്കുവാൻ കൗൺസിലുകൾക്ക് സർക്കാർ 12 മില്യൻ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2025 മാർച്ച് അവസാനം വരെ അധിക ട്രെയിനികളുടെ റിക്രൂട്ട്‌മെൻ്റിനും മേൽനോട്ടത്തിനും പരിശീലനത്തിനും അവരെ സഹായിക്കുന്നതിനും ഓരോ അപ്രൻ്റീസിനും 30,000 പൗണ്ട് വരെ തുകയാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് കൗൺസിലുകൾക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിനും ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജുകളെ പിന്തുണയ്ക്കുന്നതിനും മറ്റ് സങ്കീർണ്ണമായ കേസ് വർക്കുകൾ നൽകുന്നതിനും സഹായിക്കുന്നതിന് സോഷ്യൽ വർക്ക് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ ഈ ഫണ്ടിംഗ് അധികാരികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഎച്ച്എസ്‌സി പറഞ്ഞു. അപ്രൻ്റീസുകൾക്ക് പഠിക്കുമ്പോൾ തന്നെ ഒരു കൗൺസിൽ തസ്തികയിൽ ശമ്പളം നേടാനാകുമെന്നതിനാൽ, പരമ്പരാഗത ബിരുദത്തിലൂടെ പരിശീലനം നേടാൻ സാധിക്കാത്ത ആളുകൾക്ക് സാമൂഹിക പ്രവർത്തനം ഒരു കരിയറായി തുടരാനും ഈ ഫണ്ടിംഗ് പ്രാപ്തമാക്കുമെന്നും ഡിഎച്ച്എസ്‌സി പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ മലയാളികൾക്കും സോഷ്യൽ സർവീസ് രംഗത്ത് കയറിപ്പറ്റുവാൻ ഇതൊരു സുവർണ്ണ അവസരമാണ്.


കൗൺസിലുകൾ ഇതിനകം റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും പദ്ധതിയിട്ടിരിക്കുന്ന അപ്രൻ്റീസുകൾക്കപ്പുറം അധിക അപ്രൻ്റീസുകൾക്കായി ഈ ഫണ്ട് ഉപയോഗിക്കണം എന്ന കർശന നിർദേശം ഡിപ്പാർട്ട്മെന്റ് നൽകുന്നുണ്ട്. എന്നാൽ
അവരുടെ മൂന്ന് വർഷത്തെ ഡിഗ്രിയുടെ ചിലവുകൾക്കായി ഈ തുക ചെലവഴിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അധിക അപ്രൻ്റീസുകളെ റിക്രൂട്ട് ചെയ്യുക, അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാം അല്ലെങ്കിൽ പരിശീലന ദാതാവുമായുള്ള ബന്ധം ഏകോപിപ്പിക്കുക, വ്യത്യസ്‌ത പ്രാക്ടീസ് പ്ലേസ്‌മെൻ്റുകൾ ഉൾപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഈ പണം ചെലവഴിക്കേണ്ടതെന്ന് നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കാലാവധിക്ക് മുൻപ് തന്നെ ഈ പണം കൃത്യമായും കൗൺസിലുകൾ ചിലവഴിക്കണമെന്നും നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.


സോഷ്യൽ വർക്ക് അപ്രൻ്റീസ്ഷിപ്പുകൾ സാധാരണയായി മൂന്ന് വർഷമെടുക്കുന്ന ബിരുദതല യോഗ്യതകളാണ്. അപ്രൻ്റീസുമാർ അവരുടെ സമയത്തിൻ്റെ 20 ശതമാനം എങ്കിലും ഓഫ്-ദി-ജോബ് പരിശീലനത്തിൽ ചെലവഴിക്കുന്നുണ്ട്. സാധാരണയായി ഒരു സർവകലാശാലയോ മറ്റ് പഠന ദാതാക്കളോ നൽകുന്ന ഒരു പരിശീലനമാണ് ഇത്. എന്നാൽ ഇത് സാമ്പത്തികമായി താങ്ങാൻ കഴിയാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന അവസരം വളരെ ഫലപ്രദമാണ്.