ബ്രിട്ടനുമേല്‍ റഷ്യ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ 8 മില്ല്യണിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടേക്കും. ബ്രിട്ടനെ മുഴുവനായും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനിലെ പ്രധാനപ്പെട്ട 38 ടൗണുകളും മറ്റു നഗരങ്ങളുമാണ് റഷ്യ പ്രധാനമായും ആക്രമിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് യുകെ കണക്കുകൂട്ടുന്നത്. 70ഓളം മിലിട്ടറി ബേസ് ക്യാമ്പുകളും കമ്യൂണിക്കേഷന്‍ സെന്ററുകളും വ്യോമയാന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്ക് വഹിക്കുന്ന പ്രധാന മേഖലകളെല്ലാം ആക്രമണ ഭീഷണിയിലാണെന്ന് അധികൃതരുടെ നിഗമനം. പുറത്തു വന്ന രഹസ്യ രേഖകളാണ് റഷ്യന്‍ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ബ്രിട്ടീഷ് ആശങ്കകള്‍ വ്യക്തമാക്കുന്നത്. റഷ്യ അണുവായുധം പ്രയോഗിച്ചാല്‍ ഏകദേശം 7.7 മില്ല്യണ്‍ ജനങ്ങള്‍ വധിക്കപ്പെടുമെന്നാണ് ആശങ്ക.

പുടിന്റെ ആയുധപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന ഏത് ആണവായുധമാണ് ബ്രിട്ടനില്‍ പ്രയോഗിക്കാന്‍ പോകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നാശത്തിന്റെ തോതും നിര്‍ണയിക്കപ്പെടുക. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന റഷ്യയും ബ്രിട്ടനും തമ്മില്‍ ശീതയുദ്ധം ആരംഭിക്കുന്നത് ബ്രിട്ടിഷ് ഡബിള്‍ ഏജന്റ് ആയിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതിനു ശേഷമാണ്. സാലിസ്ബറിയിലെ ഒരു പാര്‍ക്കില്‍ വെച്ച് റഷ്യന്‍ നിര്‍മ്മിത നെര്‍വ്വ് ഏജന്റ് നോവിചോക്ക് ഉപയോഗിച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ റഷ്യയും പുറത്താക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയാണങ്കില്‍ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതകളേറെയാണ്.

ലിവര്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, ലീഡ്‌സ്, ന്യൂ കാസില്‍ തുടങ്ങി ബ്രിട്ടനിലെ പ്രധാന 20 നഗരങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതായി കരുതപ്പെടുന്നത്. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ഒരു ആക്രമണം പോലും ഏതാണ്ട് 9,50,000 പേരുടെ ജീവഹാനിക്ക് കാരണമാകും. ലിവര്‍പൂള്‍, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെങ്കില്‍ മരണ നിരക്ക് 3,71,000 മുതല്‍ 4,20,000 വരെയോ അല്ലെങ്കില്‍ 3,00,000 മുതല്‍ 3,25,000 വരെയോ ആകാനാണ് സാധ്യത. ബ്രിസ്‌റ്റോളില്‍ ആക്രമണം നടന്നാല്‍ 2,70,000 പേര്‍ കൊല്ലപ്പെട്ടേക്കാമെന്ന് കണക്കുകള്‍ പറയുന്നു. റഷ്യയുടെ ആക്രമണ പദ്ധതികളെല്ലാം വിജയിക്കുകയാണെങ്കില്‍ 38 ബ്രിട്ടീഷ് നഗരങ്ങള്‍ കത്തിച്ചാമ്പലാകും.