സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 135 ഓളം വിശ്വാസികൾ “മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ” (Eucharistic Ministers) അംഗങ്ങളായി ശുശ്രൂഷയിൽ പ്രവേശിക്കുന്നു
വിശുദ്ധ കുർബാനയിൽ വൈദികരെ സഹായിച്ചുകൊണ്ട് വിശ്വാസികൾക്ക് “തിരുശരീരവും തിരുരക്തവും” വിതരണം ചെയ്യുന്ന ശുശ്രൂഷയാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ അംഗങ്ങൾ നിർവ്വഹിക്കുന്നത്. ക്രിസ്തുമസ് രാത്രി മുതലാണ് ഇവരുടെ ശുശ്രൂഷ ആരംഭിക്കുന്നത്.
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയേറെ വിശ്വാസികൾ ഒരേ ദിവസം മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ശുശ്രൂഷയിൽ പ്രവേശിക്കുന്നത്.
രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം രൂപതയുടെ മുഴുവൻ ഇടവകകളിൽ നിന്നും മിഷൻ സ്റ്റേഷനുകളിൽ നിന്നുമായി ഇടവക വികാരിയുടെയും പള്ളിക്കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയനിലേക്കു ശുശ്രൂഷകരെ തെരഞ്ഞെടുത്തത്.
പരിശീലനത്തിൻ്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച ക്ളാസുകൾക്ക് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. ഡോ. സിസ്റ്റർ ജീൻ മാത്യൂ എന്നിവർ നേതൃത്വം നൽകി.
ഡിസംബർ ആദ്യവാരം റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്ററിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും പ്രത്യേക സ്ഥാനവസ്ത്രങ്ങളും വിതരണം ചെയ്തു. ഫാ. ജോസഫ് എടാട്ട്, സിസ്റ്റർ ആൻ മരിയ എന്നിവർ ക്ളാസുകളെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ട്രെയ്നിംഗ് പ്രോഗ്രാമിനു നേതൃത്വം നൽകി.
Leave a Reply