ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ച് കേരളം. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴ് ദിവസംവരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒമിക്രോൺ വേരിയന്റ് ഇതുവരെയും കേരളത്തിൽ കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.