ന്യൂസൗത്ത് വെയില്‍സ്: കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ കോമണ്‍വെല്‍ത്ത് ബേയില്‍ അടിഞ്ഞ കൂറ്റന്‍ മഞ്ഞുപാളി അവിടെയുള്ള അഡീലി പെന്‍ഗ്വിനുകള്‍ വന്‍ തോതില്‍ ചത്തൊടുങ്ങാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട്. 2011 മുതല്‍ ഒന്നര ലക്ഷത്തോളം പെന്‍ഗ്വിനുകള്‍ ഇവിടെ ചത്തൊടുങ്ങിയിതായാണ് കണക്ക. 1120 ചതുരശ്രമൈല്‍ നീളമുളള മഞ്ഞുപാളി മൂലം ഈ പെന്ഗ്വിന് കൂട്ടത്തിന് തീറ്റതേടി തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് 70 മൈല്‍ ദൂരത്തേക്ക് പോകേണ്ടി വന്നു. ഈ യാത്ര അതിജീവിക്കാനാകാതെയാണ് പെന്‍ഗ്വിനുകള്‍ ചത്തത്.
വെളളത്തിന്റെ സാന്നിധ്യമുളളയിടത്ത് മാത്രമേ ഇവയ്ക്ക് ജീവിക്കാനാകൂ. കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നുളള വലിയ മഞ്ഞ് പാളി എത്തിയതോടെ ഇവയ്ക്ക് അകലേക്ക് തീറ്റ തേടിപ്പോകേണ്ടതായി വന്നു. 2011ന് ശേഷം ഇവിടെയുണ്ടായിരുന്ന പെന്ഗ്വിന് സമൂഹത്തിന്റെ എണ്ണം വെറും പതിനായിരമായി ചുരുങ്ങാന്‍ ഇത് കാരണമായി. ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയുടെ കാലാവസ്ഥ വ്യതിയാ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കേപ് ഡെനിസണ്‍ നൂറ് വര്‍ഷത്തിലേറെയായി പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രമാണ്. എന്നാല്‍ ഇപ്പോള്‍ ഇവ കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ഈ വന്‍ ഹിമപാളി തകര്‍ന്നില്ലെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇവിടെയുളള മുഴുവന്‍ പെന്‍ഗ്വിനുകളും ഇല്ലാതാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.