കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.  കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കോളേജ് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. കാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.