ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.
പ്രധാന പ്രതിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്‌പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
Leave a Reply