സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴയിൽ വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതിനെ തുടർന്ന് വിദ്യാർഥി മരിച്ചു. വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് പേവിഷബാധയുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്.
ബന്ധുവീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റെരുന്നു. എന്നാൽ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സൂരജിന്‍റെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കൾക്കു കൈമാറി.
സംസ്ഥാനത്ത് നാല് മാസത്തിനുള്ളിൽ നാല് കുട്ടികളുൾപ്പടെ 15 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു.
2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
Leave a Reply