19 മലയാളി നേഴ്സുമാർ കുവൈത്തിൽ ജയിലിലാണെന്ന വാർത്തയുടെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള മലയാളി സമൂഹം . അറസ്റ്റിലായവരിൽ മുലയൂട്ടുന്നവരും ഒരുമാസം പ്രായമായ കുഞ്ഞിൻറെ അമ്മ ഉൾപ്പെടെ ഉള്ളവരും ഉണ്ടെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.. അടിയന്തരമായി നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നാണ് അറസ്റ്റിലായ നേഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്.
ഇതിൽ അടൂർ സ്വദേശി ജെസ്സിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട് . ജെസ്സിനു പുറമേ മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണു ജെസ്സിൻ അറസ്റ്റിലായത്.

കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.