ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയെയാണ് വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര ലക്ഷം രൂപയ്ക്കു മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷ് ഇതൊന്നും പോരാഞ്ഞിട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന സൂപ്പർബൈക്ക് വാങ്ങിച്ചു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഒരുമുഴം കയറിൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നമാണോ ഇതെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ ചോദിക്കുന്നത്?
വിലകൂടിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും കാറും സ്വന്തമായുള്ളപ്പോഴും 14 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ബൈക്ക് വേണമെന്ന് അഖിലേഷ് ഏറെക്കാലമായി നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക ഞെരുക്കത്തിനിടയിൽ തത്കാലം ആ ആവശ്യം നടപ്പില്ലെന്ന് അച്ഛൻ അജികുമാർ അഖിലേഷിനോട് പറഞ്ഞു. ഒരു വർഷത്തിനുശേഷം ഇത് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇതേച്ചൊല്ലി വീട്ടിൽ അഖിലേഷ് വഴക്കുണ്ടാക്കിയിരുന്നു. അതിരാവിലെ എഴുന്നേൽക്കാറുള്ള അഖിലേഷ് കഴിഞ്ഞ ദിവസം ഒമ്പത് മണിയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്.
കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം.കുട്ടിക്കാലം മുതൽക്കേ ബൈക്കുകളോട് വലിയ ഇഷ്ടം പുലർത്തിയിരുന്നയാളായിരുന്നു അഖിലേഷ്. ഇതിനോടകം ആറ് ബൈക്കുകൾ സ്വന്തമായി ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റ് ആയിരുന്നു. ഇതുകൂടാതെ ഒരു ബൈക്കും രണ്ട് സ്കൂട്ടറുകളും അഖിലേഷിന് ഉണ്ടായിരുന്നു. എന്നാൽ അഖിലേഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ വിഷയങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അഖിലേഷുമായി അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കൾ ആരോപിക്കുന്നത്.
വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വാർത്തകളുമായി ബന്ധപ്പെട്ട് ഒരു പരാതിയും ബന്ധുക്കൾ നൽകിയിട്ടില്ലെന്നാണ് പോത്തൻകോട് എസ് ഐ അജേഷ് വ്യക്തമാക്കുന്നത്. മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. അഖിലേഷിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് സ്ഥിരീകാരിച്ചിട്ടുണ്ട്. അഖിലേഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.
Leave a Reply