ന്യൂസ് ഡെസ്ക്, മലയാളം യുകെ
മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും യുഎസിനെയും അപേക്ഷിച്ച് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച പുറകിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡിനു ശേഷം സാമ്പത്തിക മാന്ദ്യവും ജീവിത ചിലവ് വർദ്ധനവും ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. അതിൻറെ കൂടെയാണ് റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്നുള്ള എനർജി ബിൽ വർദ്ധനവും മധ്യപൂർവേഷ്യയിലെ സംഘർഷവും പരോക്ഷമായി യുകെയിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെയാണ് കോവിഡ് അനുബന്ധ രോഗങ്ങളെ തുടർന്ന് രാജ്യത്ത് അവധിയെടുക്കുന്നവരുടെ എണ്ണം ഏറ്റവും കൂടിയ നിലയിലെത്തിയതെന്ന വാർത്ത സാമ്പത്തിക വിദഗ്ധരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നവംബർ 2023 വരെയുള്ള മൂന്നുമാസ കാലയളവിൽ 2.8 മില്യൺ ആളുകൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇത് കോവിഡിന്റെ തുടക്കകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. ഇത്രയും പേർ ആരോഗ്യപരമായ കാരണങ്ങളാൽ ലീവെടുക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലാണ് എൻഎച്ച്എസും സർക്കാരും .
എന്നാൽ ആരോഗ്യ സാമ്പത്തിക മേഖലയിലെ വിദഗ്ധരെ കുഴയ്ക്കുന്നത് മറ്റൊരു കാര്യമാണ് . ഇത്രയും പേർ അവധിയിൽ പ്രവേശിക്കുമ്പോൾ അത് രാജ്യത്തെ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഉത്പാദനക്ഷമതയിൽ നേരിടുന്ന കാര്യമായ കുറവ് രാജ്യത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നത്. ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തെ കോവിഡിന് മുമ്പുള്ള ആരോഗ്യസ്ഥിതിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിൽ ബ്രിട്ടനിൽ തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.3 മില്യണിലധികം പേരാണ്. ഇതിൻറെ ഇരട്ടിയിലധികം പേരാണ് അസുഖബാധിതരായി ചികിത്സാർത്ഥം ലീവ് എടുത്തിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും മോശം ശാരീരികമായ അവസ്ഥയുടെ കാരണങ്ങളാൽ സാമ്പത്തികമായ വരുമാനം ഒന്നും ഇല്ലാത്തവരാണെന്നത് രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. നിലവിൽ ജോലി ഇല്ലാത്തവരെയും ഒരുമാസമായി ജോലി അന്വേഷിക്കാതിരിക്കുകയും അല്ലെങ്കിൽ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ ജോലി ആരംഭിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം സാമ്പത്തികമായി നിഷ്ക്രിയർ എന്ന് നിർവചിക്കുന്നത്.
Leave a Reply