ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ലേബറിന്റെ നേതൃത്വത്തില്‍ നീക്കം. ഹാര്‍ഡ് ബ്രെക്‌സിറ്റിനായുള്ള നീക്കം ഉപേക്ഷിച്ച് ഇളവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഗ്രേറ്റ് റിപ്പീല്‍ ബില്ലിനെ എതിര്‍ക്കാന്‍ ലേബര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. കുറച്ച് കണ്‍സര്‍വേറ്റീവ് എംപിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ അവകാശമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലേബര്‍ ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.

ബ്രെക്‌സിറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം നിരസിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ തയ്യാറെടുക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ സര്‍ക്കാരിന് ഇതോടെ കൂടൂതല്‍ തിരിച്ചടികളായിരിക്കും ലഭിക്കുക. ഇന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ഘടികാരം ചലിച്ചു തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ യുകെയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷമാണ് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി.

ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ബില്‍ അവതരണമെന്നായിരുന്നു തെരേസ മേയ് പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റിലെ മോശം അവസ്ഥയും വ്യക്തമാക്കുന്ന വിധത്തിലുള്ള പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. ഇന്ന് ബില്‍ അവതരിപ്പിച്ചാലും ഓട്ടം സമ്മേളനത്തില്‍ രണ്ടാമത്തെ പരിഗണനയില്‍ മാത്രമേ എംപിമാര്‍ ഇത് അംഗീകരിക്കാന്‍ ഇടയുളളൂ എന്നും വിലയിരുത്തപ്പെടുന്നു.