ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രീട്ടീഷുകാരായ രണ്ട് ഇന്ത്യന്‍ വംശജരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജസ്പല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ജെയ്പൂരില്‍ ഒരു കല്ല്യാണത്തിനെത്തിയതാണ് ഇരുവരും. മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യാത്രക്കിടയില്‍ ഭക്ഷണം ആവശ്യപ്പെട്ട ഇവര്‍ ഭക്ഷണം വൈകിയെന്നാരോപിച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്.
വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഉടന്‍ വിമാന ജീവനക്കാര്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെ എയര്‍ഇന്ത്യ അപലപിച്ചു. യാത്രക്കാര്‍ മാന്യമായി പെരുമാറണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു. മികച്ച സേവനം ഉറപ്പുവരുത്താന്‍ മികച്ച സഹകരണം ആവശ്യമാണെന്നും എയര്‍ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.