മലയാളം യുകെ സ്പെഷ്യൽ

ലൂട്ടൻ: ഒരു പക്ഷെ യുകെയിലെ മലയാളികളിൽ 99 ശതമാനം പേരും ഈ വേദനയുടെ, സഹന ജീവിതത്തിന്റെ വാർത്ത അറിഞ്ഞിരിക്കാൻ വഴിയില്ല. വാർത്തകളിൽ നിറഞ്ഞത് യുകെമലയാളി നേഴ്സ് എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്നും ഫ്രാങ്ക്ഫർട്ടിൽ  ഇറക്കി ആശുപത്രിയിലേക്ക് മാറ്റി എന്നുള്ളത് മാത്രമാണ്. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കല്ലാതെ മറ്റൊരു സഹായവും നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് താല്പര്യമില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരളലിയിക്കും ഈ യുകെ മലയാളി നഴ്‌സ്‌ കുടുംബത്തിന്റെ ദുരിത കഥ.

2019 ഒക്ടോബറിൽ സിമി ആദ്യമായി യുകെയിൽ എത്തിയത്. ലണ്ടനടുത്ത് ല്യൂട്ടൻ NHS  ആശുപത്രിയിൽ നഴ്‌സായി ജോലി ആരംഭിച്ചു. കൊറോണയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെറും എട്ട് മാസം മുൻപാണ് ചെറിയാൻ യുകെയിൽ എത്തിച്ചേർന്നത്.

ഒക്ടോബർ 5 തിയതിയാണ് ചെറിയാനും ഗർഭിണിയായ ഭാര്യ സിമിയും ഹീത്രുവിൽനിന്നും കൊച്ചിക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്കു പ്രസവ ശുശ്രുഷകൾക്കായി പുറപ്പെട്ടത്. എന്നാൽ ഭക്ഷണശേഷം സിമിക്ക് വല്ലാത്ത അസ്വസ്ഥ തോന്നുകയും, ടോയ്ലെറ്റിൽ പോയി വരുകയും ചെയ്‌തു. കാലാവസ്ഥ അത്ര സുഗമമായിരുന്നില്ല കാരണം എയർ ഗട്ടറുകൾ വിമാനത്തിന് നല്ല രീതിയിൽ ഉള്ള കുലുക്കവും നൽകുന്നുണ്ടായിരുന്നു. വേദനയുടെ കാഠിന്യത്തെക്കുറിച്ചു സിമി ഐർഹോസ്റ്റസിനെ വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഭർത്താവായ ചെറിയാനെയും മറ്റൊരു യാത്രക്കാരെനെയും അവിടെ നിന്ന് മാറ്റി ഇരുത്തി. തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലും മനോബലവും അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി.

എയർ ഇന്ത്യ വിമാനത്തിൽ സിമിയുടെ പ്രസവത്തിൽ സഹായിച്ചവർ ഇവരാണ്.

എന്നാൽ സിമിയും ചെറിയാനും കടന്നു പോയ മനോവ്യഥകളുടെ സമാപനം ആയിരിക്കും എന്ന് കരുതിയപ്പോൾ വരാനിരിക്കുന്ന വിഷമങ്ങളുടെ നാന്ദി കുറിക്കലാണ് അതെന്നു സിമിയും ചെറിയാനും ഒരിക്കിലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള ആരോഗ്യ സ്ഥിതി അമ്മയ്ക്കും കുഞ്ഞിനും ഇല്ലാത്തതിനാൽ ഫ്രാങ്ക്ഫർട്ടിൽ ഇറക്കി. ഭർത്താവായ ചെറിയാനും  കൂടെയിറങ്ങി. പൈലറ്റ് അറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് ആംബുലൻസ്, പോലീസ് (ഇംഗ്ലീഷ് അറിയുന്ന പൊലീസുകാരെ നിർത്തിയിരുന്നു) എന്നിവർ വിമാനത്താവളത്തിൽ കാത്തു നിന്നു. അനുബന്ധ രേഖകളും കൊടുത്തതോടെ സിമിയുടെ കുടുംബം ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ….

ആശുപത്രിയിൽ എത്തി സിമിയെയും കുഞ്ഞിനേയും അഡ്മിറ്റ് ചെയ്‌തു. സിമിയുടെ മുറിയുടെ പുറത്തു ജർമ്മൻ പോലീസ് കാവലുമായി. സിമിക്ക് വിസ ഇല്ലാത്തത് തന്നെ കാരണം. ആശുപത്രിയിൽ ചെറിയാന് നില്ക്കാൻ അനുവാദം ഇല്ല എന്ന് പോലീസ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ ചെറിയാൻ തിരിച്ചറിയുകയായിരുന്നു. പോലീസ് അകമ്പടിയോടെ തിരിച്ചു എയർ പോർട്ടിലേക്ക്. ചെറിയാന് സഹായത്തിനായി ഹിന്ദി അറിയുന്ന ഒരു പോലീസ് കാരനും. വിസയില്ലാതെ പുറത്തിങ്ങാൻ സാധിക്കില്ല.

ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ, പിടയുന്ന മനസ്സുമായി. അമ്മയും കുഞ്ഞും ആശുപത്രിൽ. യുകെയിൽ പ്രസവിച്ചാൽ സഹായത്തിന് ആരുമില്ല എന്ന ചിന്തയിലും കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ടും വളരെ നേരത്തെ നാട്ടിലേക്ക് പുറപ്പെട്ട ഇവർ സ്വപ്നത്തിൽ പോലും കാണാത്ത ഒരു പ്രതിസന്ധിയിലേക്ക്… വിറയലോടെ നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ… കാരണം ചെറിയാൻ ബ്രിട്ടനിൽ എത്തിയിട്ട് 8 മാസത്തെ പരിചയം മാത്രമാണുള്ളത്. ചെറിയാൻ മലയാളം യുകെയോട് തുടർന്നു.

ജർമ്മൻ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബത്തോട് വലിയ ആദരവാണ് പ്രകടമാക്കിയത്. ഒരു പൈസ പോലും വാങ്ങാതെ മൂന്ന് പേർക്കും ഡിസംബർ 31 വരെയുള്ള ജർമ്മൻ എൻട്രി വിസ അടിച്ചു കൊടുത്തു. (ഇന്ത്യൻ എംബസി കുഞ്ഞിന് താൽക്കാലിക ജനന സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) നൽകി. ഫ്രാങ്ക്ഫർട്ട് ജനന സ്ഥലം). തുടർന്ന് ചെറിയാനെ മറ്റൊരു ഹോട്ടലിലേക്ക് പോലീസ് മാറ്റുകയും ചെയ്‌തു. സിമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി ഡിസ്ചാർജ് ചെയ്‌തു. ഈ സമയം കുഞ്ഞു എൻ ഐ സി യൂ വിൽ ആയിരുന്നതിനാൽ കുഞ്ഞിനൊപ്പം നില്ക്കാൻ അവിടെ അനുവാദം ലഭിച്ചില്ല. പ്രീ മെച്വർ ഡെലിവറി ആയിരുന്നതിനാൽ കുഞ്ഞിന് പാല് സ്വന്തമായി കുടിക്കുക അസാധ്യമായതിനാൽ കുട്ടി ആശുപത്രിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇപ്പോൾ കുഞ്ഞു വളരെ മെച്ചപ്പെടുക ചെയ്തു എങ്കിലും 70 ശതമാനം സക്കിങ് റിഫ്ലക്ഷൻ ( 70% sucking reflection either bottle feed or Breast milk) ആകുന്നതുവരെ ആശുപത്രി ഡിസ്ചാർജ് ഉണ്ടാവുകയില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിവരം അനുസരിച്ചു ഡിസംബർ മധ്യത്തോടെ ഡിസ്ചാർജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതേ സമയം ഒൻപതാം തിയതി തിരിച്ചു യാത്ര തുടരാൻ സാധിക്കും എന്ന പ്രതീക്ഷയിൽ എയർ ഇന്ത്യ ഇന്ത്യയിലെക്കുള്ള ടിക്കറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ എയർ ഇന്ത്യ സിമിയുടെയും മറ്റ് ബാഗേജുകൾ ഹോട്ടലിൽ എത്തിച്ചുനൽകി.

ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ചു ഇവർക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ സാധിക്കുകയില്ല. ഡോക്ടർമാർ തിരിച്ചു ബ്രിട്ടനിലേക്ക് പോകുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാരണം കുഞ്ഞിന്റെ ആരോഗ്യനില തന്നെ. ദീർഘയാത്ര അഭികാമ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ചു എയർ ഇന്ത്യയുമായി സംസാരിച്ചപ്പോൾ യുകെയിലേക്ക് വിമാന ടിക്കറ്റ് തരാൻ സാധിക്കില്ല എന്ന് ഉത്തരമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ രണ്ടു മാസം പിന്നിടുമ്പോൾ, ഹോട്ടൽ ബില്ലുകൾ പിടി തരാതെ പായുമ്പോൾ ഈ മലയാളി നേഴ്സ് കുടുംബം സാമ്പത്തികമായി  നടുക്കടലിൽ ആണ് ഇപ്പോൾ നിൽക്കുന്നത്…

ജർമ്മൻ ആശുപത്രി അതികൃതർ സിമി ജോലി ചെയ്യുന്ന ട്രസ്റ്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള ജർമ്മനിയിലെ ആശുപത്രി ബില്ല് യുകെയിലെ NHS ആശുപത്രി ആണ് വഹിക്കുന്നത്. (നാഷണൽ ഇൻഷുറൻസ്). 45 ദിവസത്തെ ബില്ല് £50,000 മുതൽ £75,000 വരെയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ആശുപത്രി ബില്ല് കൊടുക്കും എന്ന സന്ദേശം ചെറിയാന് NHS സും ഇപ്പോൾ ചികിസിക്കുന്ന ആശുപത്രിയും ഈ കുടുംബത്തെ ഇമെയിൽ അറിയിച്ചിട്ടുണ്ട്. തുക എത്രയെന്നോ എന്നുവരെയെന്നോ ഒന്നും അറിയിപ്പില്ല. ഇപ്പോൾ രണ്ട് മാസം പിന്നിടുകയും എന്ന് പോരാമെന്നതിന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ  ബാക്കി വരുന്ന ബില്ല് കൊടുമെന്നോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിക്കുന്നില്ല. ചികിത്സ ഒഴികെ മറ്റൊരു ചിലവുകൾക്കും പണം ലഭിക്കുകയില്ല.

ഇതിനിടയിൽ കുഞ്ഞിന്റെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌തു. ജർമ്മൻ ഗവൺമെന്റ് വിസ ഫീസ് ഒഴിവാക്കി നൽകിയപ്പോഴും ഇന്ത്യൻ എംബസി കൃത്യമായി തന്നെ തുക മേടിക്കുകയും ചെയ്‌തു. കുഞ്ഞിനുള്ള പാസ്പോർട്ട് അപേക്ഷിച്ചു കാത്തിരിക്കുന്ന ഈ കുടുംബം… അടിയന്തര സാഹചര്യം ആണെങ്കിലും എല്ലാം മുറപോലെ…! പാസ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യുകെ വിസയ്ക്കായി കൊടുക്കുവാൻ സാധിക്കുക… ക്രിസ്മസ് അടുക്കുന്നു.. പല എംബസി ഓഫീസുകളും അടക്കും… എട്ട് മാസത്തെ മാത്രം യുകെ ജീവിതാനുഭവം ഉള്ള ചെറിയാന്റെ ആശങ്ക… പ്രസവ ശുശ്രുഷ ലഭിക്കേണ്ട ഭാര്യ എന്നും 20 മിനിറ്റോളം ആശുപത്രിയിലേക്ക് ദിവസവും നടക്കുന്നു.. പരാതിയില്ലാതെ… ഹോട്ടൽ ബില്ലുകൾ ഉയരുന്നു…  ഹോട്ടൽ ഭക്ഷണം… എത്ര ചുരുങ്ങിയിട്ടും ചിലവുകൾ പിടിവിടുകയാണ്…

സഹായം ചെയ്യാം എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും, സഹായം അഭ്യർത്ഥിച്ച കേരളം മുഖ്യമത്രിയുടെ ഓഫിസും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കോടികൾ ചിലവഴിച്ചു പ്രവാസികൾക്കായി ലോക കേരള സഭ ഉണ്ടാക്കിയ കേരളം കേട്ടതായി ഭാവിക്കുന്നുപോലും ഇല്ല.

പ്രിയ യുകെ മലയാളികളെ ഞങ്ങളെ ഒന്ന് സഹായിക്കാമോ എന്ന ഈ കുടുംബത്തിന്റെ അഭ്യർത്ഥന മലയാളം യുകെ ഇന്ന് നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്… വേദനിക്കുന്ന ഒരു പ്രവാസിയുടെ മുഖഭാവം പോലും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് മലയാളി പ്രവാസികൾ… തുടക്കത്തിൽ കൊറോണ  പിടിപെട്ട പല യുകെ മലയാളി കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും എത്തിച്ചവർ… സഹായിക്കാമോ എന്ന് ചോദിച്ചവരെ ജാതി മത വേർതിരിവ് ഇല്ലാതെ സഹായിച്ച യുകെ മലയാളികളെ സിമിയും ചെറിയാനും ഇന്ന് നമ്മുടെ കനിവ് തേടുകയാണ്… ഹൃദയത്തിൽ തട്ടി ചോദിക്കുന്നു… തങ്ങൾ പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ..

പ്രിയ മലയാളികളെ നമ്മൾ എല്ലാവരും പണമുള്ളവരാണ് എന്ന് മലയാളം യുകെയും കരുതുന്നില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് നമ്മൾ പലതും നേടി. അതിനു നിങ്ങൾ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.. തർക്കമില്ല.. പക്ഷെ നമ്മൾ ഒന്നോ അഞ്ചോ അതുമല്ലെങ്കിൽ നമുക്ക് സാധിക്കുന്നത് എത്രയോ അത്രമാത്രം കൊടുത്താൽ ഇവരുടെ കണ്ണീരൊപ്പുവാൻ ഉപകരിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.  നമ്മുടെ പൂർവ്വികർ നമുക്ക് കാണിച്ചു തന്നിട്ടുള്ള, പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം… സഹാനുഭൂതി.. അനുകമ്പ എന്നിവ നമുക്ക് മറക്കാതെയിരിക്കാം.

ലൂട്ടനിലെ  ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഇവർക്ക് മുൻപോട്ട് പോകണമെങ്കിൽ നമ്മുടെ കരങ്ങൾ നീളണം… കൂടുതൽ ശ്രദ്ധ വേണ്ട കുഞ്ഞ്… ആറാം മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഈ ദമ്പതികൾ.. അത് അറിയുന്നവർ ചുരുക്കം.. ഇനിയും വിഷമം തരല്ലേ എന്ന പ്രാർത്ഥനയോടെ നാട്ടിലേക്ക് പുറപ്പെട്ടവർ ആണ് ഇവർ… നാട്ടിൽ എത്താൻ പറ്റിയിരുന്നു എങ്കിൽ ഈ കുടുംബം നമ്മളോട് ചോദിക്കില്ലായിരുന്നു എന്ന വസ്തുത നമ്മൾ യുകെ മലയാളികൾ ഓർക്കണമെന്ന് വിനയത്തോടെ ഞങ്ങൾ മലയാളം യുകെ അഭ്യർത്ഥിക്കുന്നു. നമ്മൾ നമ്മുടെ തന്നെ കുട്ടികൾക്കായി എത്രയോ ഉടുപ്പുകൾ വാങ്ങി നമ്മുടെ അലമാരകളിൽ ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുന്നു… നമ്മൾ ഈ കുടുംബത്തിനായി ചെറിയ ഒരു ഉടുപ്പ് വാങ്ങി എന്ന വിചാരത്തോടെ നമുക്ക് ഇവരെ ഒന്ന് സഹായിക്കാം.  ചെയ്യുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ മലയാളം യുകെയും…

സാധാരണ വിമാന കമ്പനികൾ ചെയ്യാറുള്ള ഒരു സേവനവും ഇവർക്ക് ലഭിച്ചിട്ടില്ല എന്നും നാം അറിയുക…

യുകെ മലയാളികളെ ഒരാളുടെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം… ലക്ഷങ്ങൾ വിലമതിക്കുന്ന ലോക്ക് ഉപയോഗിച്ച് നാട്ടിലെ വീട് സുരക്ഷിതമാക്കിയ പ്രവാസികൾ ഉണ്ട്.. എന്നാൽ മഹാപ്രളയത്തിൽ ഈ ലോക്കുകൾക്ക് വെള്ളം വീടിനുള്ളിൽ പ്രവേശിക്കുന്നത് തടാനായില്ല…. ഇതുതന്നെയല്ലേ നമ്മുടെ പ്രവാസ ജീവിതവും പ്രതിസന്ധികളും…

സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ 

Mr. CHERIAN IYPE 

SORT CODE 20-25-38

A/C NO. 80948675

BARCLAYS BANK,

LUTON TOWN CENTRE.