പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കൂടി കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് ഇൗ ദുരൂഹ സംഭവം. മൂന്നു ദിവസം മുൻപാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തിയത്. പെൺകുട്ടികൾ പീഡനത്തിനിരയായതായും സംശയമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ കാണാതായത്. ക്ലാസ് കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
Leave a Reply