മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി.
മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് ആണ് മരണത്തിന് കിഴടങ്ങിയത്. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഹര്‍കിഷന്‍- കപൂരി ദമ്പതികളുടെ മകനായ പ്രഹ്‌ളാദ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്.

ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെ കുഴിയില്‍ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.