ജിപികളിലെ കാത്തിരിപ്പു സമയവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് നടപടിയുമായി എന്‍എച്ച്എസ്. 20,000 ജീവനക്കാരെ ഇതിന്റെ ഭാഗമായി പുതുതായി നിയമിക്കും. ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരെയായിരിക്കും നിയമിക്കുക. അഞ്ചു വര്‍ഷത്തെ കാലയളവിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതി ഫാമിലി പ്രാക്ടീസില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ജറികള്‍ നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മിക്കവയും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. കലശലായ രോഗങ്ങളുമായെത്തുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.

എന്‍എച്ച്എസ് നേതൃത്വവും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഇതു സംബന്ധിച്ച് കരാറില്‍ എത്തി. 2023നുള്ളില്‍ ഇതിനായി 1.8 ബില്യന്‍ പൗണ്ട് വകയിരുത്താനാണ് പരിപാടി. പ്രൈമറി കെയര്‍ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനും അടുത്തുള്ള മറ്റു പ്രാക്ടീസുകളുമായി സഹകരിച്ച് റിസോഴ്‌സ് പൂള്‍ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും. ലോക്കല്‍ ജിപിമാര്‍ നേതൃത്വം നല്‍കുന്ന ഈ നെറ്റ് വര്‍ക്കുകള്‍ 30,000 മുതല്‍ 50,000 രോഗികളെ വരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും വിഭാവനം ചെയ്യുക. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ഇതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രൈമറി കെയര്‍ സര്‍വീസിനായി അനുവദിച്ചിരിക്കുന്ന 4.5 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ലോക്കല്‍ ജിപി സര്‍വീസുകളില്‍ രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.