ബ്രിട്ടനിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ. പ്രൊഫഷണല്‍ ബിസിനസ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കച്ചവടം. പോലീസ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. ബിസിനസ് കാര്‍ഡുകളിലെ നമ്പറുകളില്‍ വിളിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊക്കെയിന്‍, എംഡിഎംഎ, കീറ്റാമിന്‍ തുടങ്ങിയ ക്ലാസ് എ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ആദ്യമായി വീടുകളില്‍ നിന്ന് വിട്ട് താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ ഓഫറുകളില്‍ പലപ്പോഴും വീഴുന്നത്. ബിസിനസ് കാര്‍ഡുകളുടെ പിന്നില്‍ സ്റ്റേപ്പിള്‍ ചെയ്ത് സാമ്പിളുകള്‍ പോലും മയക്കുമരുന്ന് കച്ചവടക്കാര്‍ നല്‍കുന്നുണ്ടെന്ന് ഡെയിലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് അവസാനം കുറിച്ച ക്ലാസ് എ മയക്കുമരുന്നുകള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലും ഇവല്‍ നല്‍കുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അന്വേഷണം വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് 62 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. മറ്റൊരു സര്‍വേയില്‍ 56 ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരം പോലീസിന് കൈമാറരുതെന്നായിരുന്നു നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് കഴിഞ്ഞ വര്‍ഷം ആവശ്യപ്പട്ടത്.

വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ പട്ടികയില്‍ പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിര്‍ദേശം നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് നല്‍കിയത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഓഫറുകള്‍ ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.