സെപ്റ്റംബർ 11 അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. ഇന്നേ ദിവസം തന്നെ അഫ്ഗാനിലെ താലിബാന്‍ ഇടക്കാല സർക്കാരിന്‍റെ സത്യപ്രതിജ്ഞയും.
മൂവായിരത്തോളം അമേരിക്കാരുടെ മരണത്തിനടയാക്കിയ ഭീകരാക്രമണത്തിന്‍റെ വാർഷികത്തില്‍ തന്നെ താലിബാന്‍ സർക്കാർ അഫ്ഗാന്‍റെ അധികാരമേറ്റെടുക്കുന്നു എന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. അഫ്ഗാന്‍ പിടിച്ചടക്കിയ ശേഷം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയിദയുടെ തടവിലായുരുന്ന ഭീകരരെ താലിബാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു .
അതേസമയം ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്‍റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്‍ററിലും പെന്‍റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.
പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്‍റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്‍റെ പ്രത്യേകതയാണ്.
2001 സെപ്റ്റംബർ 11 . മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും ലോകത്തിനു മുമ്പിൽ കുപ്രസിദ്ധിയാർജ്ജിച്ച് തുടങ്ങിയ ദിവസം. ലോകപോലീസ് എന്ന് സ്വയം അവകാശപ്പെട്ട അമേരിക്കയുടെ അഭിമാനത്തിന് മുകളിലേക്ക് ആഗോള ഭീകരവാദത്തിന്റെ വിമാനങ്ങൾ ഇടിച്ചിറങ്ങിയിട്ട് ഇന്നേക്ക് 20 വർഷം. രഹസ്യമായി അമേരിക്ക വളർത്തി എന്ന് പരക്കെ പ്രചരിക്കുന്ന ഒസാമ ബിൻ ലാദൻ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന ന്യൂയോർക്കിലെ ഇരട്ട ഗോപുരത്തിൽ വിമാനം ഇടിച്ചിറക്കി ആയിരുന്നു.
വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഒസാമ ബിൻ ലാദൻ അമേരിക്കക്കുമേൽ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്‌ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്‌ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെ കുപ്രസിദ്ധി ആർജ്ജിച്ചത് ബിൻലാദൻ ആണെങ്കിലും ആക്രമണത്തിന്റെ യഥാർത്ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അമേരിക്ക ഇയാളെ പിടികൂടി.
ബിൻലാദന്റെ തീവ്ര നിലപാടുകളിൽ ആകൃഷ്ടരായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരൻ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന്റെ കോക്ക്പ്പിറ്റിനെ നിയന്ത്രിച്ചിരുന്നത്. ആക്രമണം നടന്ന സെപ്റ്റംബർ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യു ബുഷ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 14 ന് ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച അദ്ദേഹം നടത്തിയ പ്രസംഗം അമേരിക്കയുടെ തിരിച്ചടി വ്യക്തമാക്കുന്നതായിരുന്നു .
2001 ഒക്ടോബർ 26 ന് അമേരിക്കൻ പോർവിമാനങ്ങൾ അഫ്ഗാന്റെ മണ്ണിൽ പറന്നിറങ്ങി. പഞ്ച്ശിർ പ്രവശ്യയിൽ ബോംബ് വർഷിച്ചായിരു അമേരിക്കയുടെ അഭിമാന ഗോപുരം തകർത്ത കൊടും ഭീകരനു വേണ്ടിയുള്ള വേട്ട അമേരിക്ക ആരംഭിക്കുന്നത്. പിന്നീട് നീണ്ട 20 വർഷം.
അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കൻ ആക്രമണത്തിൽ ശക്തി ക്ഷയിച്ച അൽ-ഖ്വയ്ദയും നേതാവ് ഒസാമ ബിൻ ലാദനും പാക്കിസ്താനിൽ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.
പത്തു വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്താനിലെ അബട്ടാബാദിൽ ഉസാമ ബിൻ ലാദൻ ഒളിവിൽ കഴിയുന്നതായി അമേരിക്കൻ സേന കണ്ടെത്തിയത്. 2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തിൽ എത്തി അമേരിക്കൻ സൈനികർ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സാക്ഷാൽ ബിൻ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലിൽ ഒഴുക്കി. ലാദന് വേണ്ടി തുടങ്ങിയ അഫ്ഗാൻ മണ്ണിലെ അമേരിക്കയുടെ സൈനിക നടപടികൾ അവസാനിപ്പിച്ചതും ഭീകരസംഘടനയായ താലിബാൻ വീണ്ടും അഫ്ഗാനിൽ ഭരണത്തിലേറിയതും വേൾഡ് ട്രേഡ് സെൻറർ ആക്രമണം നടന്നിട്ട് 20 വർഷം ആകുന്നതും ഇതേ സെപ്തംബറിൽ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.
Leave a Reply