അവസാന ഏകദിനത്തിൽ ജയിച്ച് മടങ്ങാമെന്ന വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ മോഹങ്ങൾ അങ്ങനെ തന്നെ അവശേഷിച്ചു. വെസ്റ്റ് ഇന്ഡീസിനെതിരായ മൂന്നാം ഏകദിനം ആറ് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. നായകന് വിരാട് കോഹ്ലി ഉശിരൻ സെഞ്ചുറി(114)യുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജയം അനായാസമായിരുന്നു. 65 റൺസ് നേടിയ ശ്രേയസ് അയ്യരും കോഹ്ലിക്ക് മികച്ച പിന്തുണയാണ് നൽകിയത്.
മഴ വില്ലനായെത്തിയപ്പോൾ മത്സരം 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് ഉയർത്തിയ 241 റൺസ് പിന്തുടരുന്നതിനിടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യൻ വിജയലക്ഷ്യം 255 ആക്കി പുനഃർ നിർണയിച്ചു. പക്ഷേ, എന്നിട്ടും ഫലമുണ്ടായില്ല. കോഹ്ലിയും ശ്രേയസ് അയ്യറും ധവാനും (36) ചേർന്നപ്പോൾ ഇന്ത്യ ആ ലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
നേരത്തെ, ഏകദിനത്തിലെ അവസാന മത്സരം കളിക്കാനിറങ്ങിയ കൂറ്റനടിക്കാരൻ ഗെയ്ൽ 41 പന്തിൽ നേടിയ 72 റൺസിന്റെയും എവിൻ ലൂയിസും 29 പന്തിൽ നേടിയ 42 റൺസിന്റെയും മികവിലാണ് വിൻഡീസ് താരതമ്യേന മികച്ച സ്കോർ പടുത്തുയർത്തിയത്. ഇരുവർക്കും പുറമേ നിക്കോളാസ് പൂരനു മാത്രമാണ് 30 റൺസ് നേടാനായത്.
ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് മൂന്നും മുഹമ്മദ് ഷമി രണ്ടും ചഹലും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നീലപ്പടയ്ക്ക് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 92 റൺസ് നേടുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ (രോഹിത, ധവാൻ, പന്ത്) കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു.
അവിടെ നിന്ന് ഒത്തു ചേർന്ന കോഹ്ലിയും അയ്യരും ചേർന്ന് ഇന്ത്യയെ വിജയ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. മോശം പന്തുകളെ തെരഞ്ഞുപിടിച്ച് അടിച്ചകറ്റിയ കോഹ്ലി സെഞ്ചുറികളുടെ എണ്ണത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റിക്കാർഡിനോട് ഒരുപടികൂടി അടുത്തു. ഏകദിനത്തിലെ തന്റെ 43ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. 99 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെയാണ് ഇന്ത്യൻ നായകൻ 114 റൺസ് നേടിയത്.
41 പന്തുകളിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളും മൂന്ന് ഫോറുകളും പറത്തിയാണ് ശ്രേയസ് അയ്യർ 65 റൺസ് നേടിയത്. തുടക്കകാരന്റെ ആവേശം കെട്ടടങ്ങാത്ത പന്ത് ഇത്തവണ ഗോൾഡൻ ഡക്കായി. പോൾ അലന്റെ ആദ്യ പന്തിൽ തന്നെ പന്തിന്റെ കുറ്റി തെറിച്ചു. ധവാൻ 36ഉം കേദാർ ജാദവ് 19ഉം റൺസ് നേടി. കളിയിലെ താരമായ കോഹ്ലി തന്നെയാണ് പരമ്പരയുടെ താരവും.
Leave a Reply