2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പി പി മുകുന്ദൻ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്. ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്.
സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത. ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.
തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.
അതേസമയം കേരള രാഷ്ട്രീയത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പെട്ടന്ന് വലിച്ചെറിഞ്ഞു രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ല നിലവിൽ താനാണ് കൈകാര്യം ചെയ്യുന്നതെന്നും അതിനായി ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്നും ,കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണ മെന്നും കുമ്മനം പറഞ്ഞു. എല്ലാറ്റിലുമുപരി തനിക്കു പകരക്കാരനെ കണ്ടെത്തണമെന്നും കുമ്മനം വ്യക്തമാക്കി.
താൻ ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്നമാണ് എന്നും കുമ്മനം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത് എത്തിയിരുന്നു. വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി അംഗങ്ങളുടെ വിലയിരുത്തൽ. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ.
Leave a Reply