ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2025 ാം ആണ്ട് യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാകാനുള്ള സാധ്യത ഉണ്ടന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രാജ്യത്തിന്റെ ശരാശരി വാർഷിക താപനില 10.05 ഡിഗ്രി സെൽഷ്യസിലെത്തിയെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ൽ രേഖപ്പെടുത്തിയ 10.03 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെക്കാൾ കൂടുതലാണിത്. കാലാവസ്ഥാ വ്യതിയാനം ദീർഘകാല പ്രവണതയായി ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും, ഈ കണ്ടെത്തൽ വിനാശകരവും അതീവ ഗുരുതരവുമാണന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്. അന്തരീക്ഷ താപനിലയിലെ ഈ ഉയർച്ച മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേനൽക്കാലത്ത് യുകെയുടെ പല ഭാഗങ്ങളിലും അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. നോർത്ത് സമർസെറ്റിൽ തടാകങ്ങളുടെ അടിത്തറ പൂർണമായി വറ്റി വരണ്ട് വിള്ളലുകൾ രൂപപ്പെട്ടതും, കൃഷിയെയും ജലലഭ്യതയെയും വരൾച്ച ബാധിച്ചതും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കെന്റിലെ ഫോക്‌സ്റ്റൺ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ചൂട് ആസ്വദിക്കാൻ ജനങ്ങൾ കടൽത്തീരങ്ങളിൽ കൂട്ടമായി എത്തിയതും ഈ വർഷത്തെ കാലാവസ്ഥാ വ്യത്യാസത്തിന്റെ മറ്റൊരു ചിത്രം തന്നെയാണ്. എന്നിരുന്നാലും, ക്രിസ്തുമസ് കാലത്ത് പ്രതീക്ഷിക്കുന്ന തണുത്ത കാലാവസ്ഥയും താപനിലയിലെ ഇടിവും കാരണം അന്തിമ കണക്കുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും, വർഷാവസാന കണക്കുകൾ ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

ഈ റെക്കോർഡ് സ്ഥിരീകരിക്കപ്പെടുന്ന പക്ഷം, യുകെയുടെ കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിൽ ശരാശരി വാർഷിക താപനില 10 ഡിഗ്രി സെൽഷ്യസ് കടക്കുന്ന രണ്ടാമത്തെ വർഷമായിരിക്കും 2025. 1884ൽ കാലാവസ്ഥാ രേഖപ്പെടുത്തൽ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ചൂടേറിയ പത്ത് വർഷങ്ങളിൽ എല്ലാം കഴിഞ്ഞ രണ്ട് ദശകങ്ങളിലാണുണ്ടായത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നാല് വർഷങ്ങൾ തന്നെ ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളുടെ പട്ടികയിൽ ഇടംനേടുമെന്നും മെറ്റ് ഓഫീസ് വിലയിരുത്തുന്നു. ഈ നൂറ്റാണ്ടിൽ മാത്രം 2000, 2003, 2005, 2014, 2022 വർഷങ്ങളിൽ യുകെയിൽ പുതിയ താപനില റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടതായും, കാലാവസ്ഥാ മാറ്റം തടയാൻ അടിയന്തിര നടപടികൾ അനിവാര്യമാണെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി.