സ്വന്തം ലേഖകൻ

ന്യൂസിലൻഡ് :- രാജ്യത്ത് പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ന്യൂസിലൻഡിലെ ലോക് ഡൗൺ പൂർണ്ണമായി പിൻവലിച്ചു. രാജ്യത്തെ കൊറോണ മുക്തമായി പ്രഖ്യാപിച്ച സമയം സന്തോഷംകൊണ്ട് താൻ നൃത്തംചെയ്തു പോയതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. ജനങ്ങൾ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ വിദേശികൾക്കായി ഇതുവരെയും രാജ്യം തുറന്ന് നൽകിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ന്യൂസിലാന്റുകാർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശമുണ്ട്. ഈയൊരു വലിയ പ്രതിസന്ധിയിൽ നിന്നും കരകയറി വന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാൻഡ്. ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ന്യൂസിലൻഡ് മാതൃകയായി മാറിയിരിക്കുകയാണ്.

അഞ്ച് മില്യൺ ജനങ്ങൾ മാത്രം താമസിക്കുന്ന ഒരു ഒറ്റപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. അതിനാൽ തന്നെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുക വളരെ എളുപ്പമാണ്. രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അതിർത്തികൾ എല്ലാം തന്നെ അടക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ, വളരെ ശക്തമായ ലോക്ക് ഡൗൺ നിയമങ്ങൾ പ്രധാനമന്ത്രി നടപ്പിലാക്കി.

ഇതോടൊപ്പം തന്നെ ജനങ്ങളെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതെല്ലാം രാജ്യത്തെ കോവിഡ് ബാധ പ്രതിരോധിക്കുവാൻ സഹായകരമായി. ഇപ്പോൾ മറ്റ് ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസിലാൻഡ്.