22കാരിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. കൊല്‍ക്കത്തയിലെ സ്വന്തം ഫ്ളാറ്റിന്റെ മുകളില്‍ നിന്നാണ് ഷില്ലോംഗ് സ്വദേശിയായ ക്ലാര ഖോംങ്സിറ്റ് വീണുമരിച്ചത്. ഫ്ലാറ്റിന്റെ ജനാല വഴിയാണ് ക്ലാര വീണതെന്നാണ് നിഗമനം.

ചൊവ്വാഴ്ച്ച രാത്രിയോടെയാണം സംഭവം നടന്നത്. ബുധനാഴ്ച്ച രാവിലെ മാത്രമാണ് ഇവരുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റിന് താഴെ നിന്നും കണ്ടെത്തിയത്. അന്ന് രാത്രി മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സുഹൃത്തിന്റെ ജന്മദിനം ക്ലാര ആഘോഷിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് എങ്ങനെ മരണം സംഭവിച്ചു എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആത്മഹത്യയാണോ അപകടമാണോ എന്ന് പരിശോധിക്കുമെന്നും ക്ലാരയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. എയര്‍ലൈന്‍സ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.