ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വാരാന്ത്യ കോഴ്സുകളിൽ പഠിക്കുന്ന 20,000ത്തിലധികം വിദ്യാർത്ഥികൾക്ക് നൽകിയ മെയിന്റനൻസ് ലോൺ, ചൈൽഡ്കെയർ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC)യോ സർവകലാശാലകളോ അയച്ച കത്തുകളിൽ, ഈ കോഴ്സുകൾ ഇത്തരം ധനസഹായങ്ങൾക്ക് അർഹത ഇല്ലായിരുന്നുവെന്നും, വാരാന്ത്യ ക്ലാസുകൾ മാത്രമാണെന്ന വിവരം സർവകലാശാലകൾ നൽകിയില്ലെന്നും പറയുന്നു. ഇതോടെ “ഓവർ പേയ്മെന്റ്” മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലണ്ടൻ മെട്രോപൊളിറ്റൻ, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടൺ സോളന്റ്, ഓക്സ്ഫോർഡ് ബ്രൂക്സ് എന്നിവ ഉൾപ്പെടെ 15 സർവകലാശാലകളിലെയും കോളേജുകളിലെയും കോഴ്സുകൾക്ക് ഇത് ബാധകമാണ്. വാരാന്ത്യങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും, ചിലത് ഓൺലൈൻ പഠനവുമുള്ള കോഴ്സുകളായിരുന്നു. വിദ്യാർത്ഥികൾ താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ എടുത്തതും, ചിലർക്ക് തിരികെ നൽകേണ്ടതില്ലാത്ത ചൈൽഡ്കെയർ ഗ്രാന്റും ലഭിച്ചിരുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല വിദ്യാർത്ഥികളും തങ്ങൾ “വഞ്ചിക്കപ്പെട്ടുവെന്ന്” പ്രതികരിച്ചു. മൂന്ന് മക്കളുള്ള ഖ്വാജാ അഹ്സാൻ എന്ന വിദ്യാർത്ഥി £14,335 രൂപയുടെ സഹായം ലഭിച്ചതായും, ഇപ്പോൾ അത് മുഴുവൻ തിരിച്ചടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണെന്നും പറഞ്ഞു. “ഇത്രയും പണം ഉടൻ കണ്ടെത്താൻ കഴിയില്ല” എന്ന ആശങ്കയിലാണ് പലരും എന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് അധ്യക്ഷ അമിറ ക്യാംപ്ബെൽ വ്യക്തമാക്കി. സർക്കാർ ഭാഗത്ത് നിന്ന് “അശ്രദ്ധയോ സംവിധാന ദുരുപയോഗമോ” മൂലമാണിത് സംഭവിച്ചതെന്ന നിലപാടും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ചില വിദ്യാർത്ഥികൾക്ക് ആശ്വാസമായി, അക്ക്യുപങ്ക്ചർ ബിഎസ്സി പഠിക്കുന്ന ചിലർക്കായി SLC തീരുമാനം പിന്വലിക്കുകയും അവരുടെ ധനസഹായം പുനഃസ്ഥാപിക്കുകയും ചെയ്തു. മുമ്പ് £37,000 വരെ തിരികെ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിരുന്ന ചിലർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നത്തിന് കാരണം സർക്കാരിന്റെ “അപ്രതീക്ഷിത തീരുമാനം” ആണെന്നും, നിയമനടപടികൾ പരിഗണിക്കുന്നുവെന്നും സർവകലാശാലകൾ അറിയിച്ചു.











Leave a Reply